ഇന്ത്യ – ചൈന ബന്ധം വഷളായത് ലഘൂകരിക്കാന്‍ റഷ്യ രംഗത്ത്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യ ചൈന ബന്ധം വഷളായത് ലഘൂകരിക്കാന്‍ റഷ്യ ഇടപെടുന്നതായി സൂചന. രണ്ട് ആണവ ശക്തികളും ചേര്‍ന്നുണ്ടാകുന്ന ഉരസലുകള്‍ രാജ്യാന്തര തലത്തില്‍ ആശങ്കയുളവാക്കുന്നുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി എന്നിവരുള്‍പ്പെടുന്ന ത്രികക്ഷി റിക് (റഷ്യ, ഇന്ത്യ, ചൈന) ഉച്ചകോടിക്കു മുന്നോടിയായി ഇരു രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം മയപ്പെടുത്താനാണ് റഷ്യയുടെ ശ്രമെന്നാണ് വിവരം. 23നാണ് യോഗം നടക്കേണ്ടത്.

ജൂണ്‍ 17ന് തന്നെ റഷ്യ ഇക്കാര്യത്തില്‍ ഇടപെട്ടു തുടങ്ങിയിരുന്നു. റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി. ബാല വെങ്കടേഷ് വര്‍മയുമായി റഷ്യന്‍ വിദേശകാര്യ ഉപമന്ത്രി ഇഗോര്‍ മോര്‍ഗുലോവ് ചര്‍ച്ച നടത്തിയിരുന്നു. ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച.

അതേസമയം, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ റഷ്യന്‍ വിദേശകാര്യമന്ത്രാലയം തയാറായില്ല. എന്നാല്‍ ആഗോളതലത്തില്‍ റഷ്യയ്ക്ക് പല കാര്യങ്ങളിലും ‘ഉയര്‍ന്ന സ്വാധീനം’ ചെലുത്താന്‍ കഴിയുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ദേശീയമാധ്യമമായ ‘ദി ഹിന്ദു’വിനോടു അറിയിച്ചു.

‘ഇന്ത്യയും ചൈനയുമായുള്ള മികച്ച ബന്ധം യുറേഷ്യയുടെ ഉയര്‍ച്ചയുടെ കേന്ദ്രബിന്ദുവാണ്. മാത്രമല്ല, നിലവില്‍ ഏകമാനമുള്ള ലോകക്രമത്തിനു പകരമായി വിവിധ മാനങ്ങളുള്ള ലോകക്രമത്തിന്റെ ഉയര്‍ച്ചയാണത്’ ചര്‍ച്ചകളെക്കുറിച്ചു വ്യക്തതയുള്ള ഒരു നയതന്ത്രജ്ഞന്‍ പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) കേന്ദ്രീകൃത സ്വഭാവത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ‘പാശ്ചാത്യ ആഗോള വ്യവസ്ഥ’യ്‌ക്കെതിരെ നില്‍ക്കുന്നതിന്റെ പ്രതീകം കൂടിയാണ് ഈ രാജ്യങ്ങളെന്ന് സെന്‍ട്രല്‍ ഏഷ്യന്‍ റിപ്പബ്ലിക്കുകള്‍ കാണുന്നു.

ഇന്ത്യ, ചൈന രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം എസ്സിഒയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (ബ്രിക്‌സ്) രാജ്യങ്ങള്‍ക്കുകീഴില്‍ ഉയര്‍ന്നു വരുന്ന സമ്പദ്വ്യവസ്ഥകളെയും ഇതു മോശമായി ബാധിക്കും’ അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇരു രാജ്യങ്ങള്‍തമ്മിലുള്ള വിഷയം തീര്‍ക്കാന്‍ അവര്‍ക്ക് അറിയാമെന്നും തങ്ങള്‍ തിരശ്ശീലയ്ക്കുപിന്നില്‍നിന്നു വഴിയൊരുക്കിക്കൊടുക്കുകയേ ഉള്ളൂവെന്നും റഷ്യന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു. ഇന്ത്യ ചൈന അതിര്‍ത്തി വിഷയം ആശങ്കപ്പെടുത്തുന്നതാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് ബുധനാഴ്ച പറഞ്ഞിരുന്നു.

കോവിഡ്19മായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും നിരവധി തവണ ഈ മാസങ്ങളില്‍ പരസ്പരം വിളിച്ചിട്ടുണ്ടെന്നാണ് വിവരം. റിക് ഉച്ചകോടിയില്‍നിന്ന് ഇന്ത്യയോ ചൈനയെ പിന്മാറുന്നത് മേഖലയിലെ സ്ഥിരതയെ ബാധിക്കും. ഇതൊഴിവാക്കാനാണ് റഷ്യ ഇടപെടുന്നതെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ എസ്സിഒ, ബ്രിക്‌സ് ഉച്ചകോടികളും റഷ്യയില്‍ നടക്കാനിരിക്കുകയാണ്.

follow us: PATHRAM ONLINE

pathram:
Leave a Comment