ചൈനീസ് കമ്പിനി വേണ്ട! വിവോയുടെ കാര്യം തീരുമാനിക്കാന്‍ ബിസിസിഐ

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ചൈനീസ് കമ്പനികള്‍ക്കെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം കമ്പനികളുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഉള്‍പ്പെടെയുള്ള സഹകരണങ്ങള്‍ പുനഃപരിശോധിക്കാനൊരുങ്ങി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ബിസിസിഐയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് ചൈനീസ് കമ്പനികളുമായുള്ള കരാറുകള്‍ പുനഃപരിശോധിക്കാനുള്ള നീക്കം. ചൈനീസ് കമ്പനിയായ ലി നിങ്ങുമായുള്ള കരാര്‍ പുനഃപരിശോധിക്കാനാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തീരുമാനം. ഐപിഎല്‍ മുഖ്യ സ്‌പോണ്‍സറായ വിവോ ഉള്‍പ്പെടെയുള്ളവരുമായുള്ള സഹകരണം തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഐപിഎല്‍ ഭരണസമിതി അടുത്തയാഴ്ച യോഗം ചേരും.

ചൈനീസ് കമ്പനികളുമായുള്ള സഹകരണത്തെക്കുറിച്ച് വിമര്‍ശനമുയര്‍ന്നപ്പോള്‍ ആദ്യം പ്രതിരോധിച്ച ബിസിസിഐ, പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കരാര്‍ പുനഃപരിശോധിക്കാന്‍ തയാറെടുക്കുന്നത്. ചൈനീസ് കമ്പനിയില്‍നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്ന കൂറ്റന്‍ തുകയുടെ 42 ശതമാനം കേന്ദ്രസര്‍ക്കാരിന് നികുതിയായി നല്‍കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ വിവോയുമായുള്ള സഹകരണത്തെ ന്യായീകരിച്ചത്. ഇതു വളരെ ഭീമമായ തുകയായതിനാല്‍ ഗുണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കാണെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധൂമല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മറുവശത്ത് ടോക്കിയോ ഒളിംപിക്‌സ് വരെയാണ് ചൈനീസ് കമ്പനിയായ ലി നിങ്ങുമായി ഒളിംപിക് അസോസിയേഷന് കരാറുള്ളത്. കരാറുമായി മുന്നോട്ടു പോകണമോ എന്ന കാര്യത്തില്‍ ഇത്തവണത്തെ വാര്‍ഷിക പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഒളിംപിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മേഹ്ത വ്യക്തമാക്കി. എന്തു സാഹചര്യം ഉരുത്തിരിഞ്ഞാലും രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പ്രഖ്യാപിച്ചു

ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ വിവോയെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാണ്. ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയും ബിസിസിഐയ്ക്ക് തലവേദനയാണ്. ചൈനീസ് കമ്പനിയുമായുള്ള സഹകരണം തുടരണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഐപിഎല്‍ ഭരണസമിതി അടുത്തയാഴ്ച യോഗം ചേരുമെന്ന് ബിസിസിഐയും അറിയിച്ചു.

‘നമ്മുടെ ധീര ജവാന്‍മാരുടെ ജീവനെടുത്ത അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ കമ്പനികളുമായുള്ള ഐപിഎല്ലിന്റെ സഹകരണം തുടരണമോ എന്നു തീരുമാനിക്കാന്‍ ഭരണസമിതി അടുത്തയാഴ്ച യോഗം ചേരും’ ഐപിഎല്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു. നിലവില്‍ 2022 വരെ വിവോയുമായി ഐപിഎല്ലിന് കരാറുണ്ട്. നാലു വര്‍ഷത്തേക്കുള്ള കരാര്‍ പ്രകാരം ഏതാണ്ട് 2,190 കോടി രൂപയാണ് വിവോ ബിസിസിഐയ്ക്ക് നല്‍കുന്നത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment