ഭര്‍ത്താവിനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; ഒടുവില്‍ കുടുങ്ങിയത് ഭാര്യയും മകനും…

ഭര്‍ത്താവിനെ വ്യാജമദ്യ കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഭാര്യയും മകനും കുടുങ്ങി. വര്‍ക്കല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ അവസരോചിതമായ ഇടപെടല്‍ കാരണമാണ് ഗൂഢാലോചന പൊളിഞ്ഞത്. അയിരൂര്‍ ചാവര്‍ക്കോട് മലവിള സജിന വീട്ടില്‍ വിജയന്റെ(72) പേരിലുള്ള സ്വത്തിന്റെ പേരില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലവിലുണ്ട്. വീട്ടില്‍നിന്നു മാറിത്താമസിക്കുന്ന ഭാര്യ പ്രസന്നയും(70) മകന്‍ സജിനും(34) ഈ വൈരാഗ്യത്താലാണു ഗൂഢാലോചന നടത്തിയതെന്ന് എക്‌സൈസ് പറയുന്നു.

വിജയനെ കള്ളക്കേസില്‍ കുടുക്കാന്‍ അഞ്ച് ലീറ്റര്‍ വാറ്റുചാരായവും, നാലു ലീറ്റര്‍ വിദേശ മദ്യവും മിനറല്‍ വെള്ളവും കുപ്പികളിലാക്കി ആകെ 9 ലീറ്റര്‍ വ്യാജ മദ്യം വീടിനു പുറകിലെ തൊഴുത്തില്‍ ഒളിപ്പിച്ചു വച്ചാണ് മകന്‍ സജിന്‍ എക്‌സൈസിനെ വിളിച്ചു വിവരമറിയിച്ചത്. തുടര്‍ന്നു ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി മദ്യം പിടികൂടി വിജയനെ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ അഭാവത്തില്‍ വിട്ടയച്ചു. എന്നാല്‍ മദ്യം ഇരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ മൊബൈലിലേക്ക് വിദേശത്തുള്ള ഒരാള്‍ അയച്ചുകൊടുത്തത് സംശയത്തിന് ഇടയാക്കി.

ഫോട്ടോ പരിശോധിച്ചതില്‍, ചിത്രം എടുക്കാന്‍ വീട്ടില്‍ നിന്ന് ഒരാള്‍ സഹായിച്ചെന്നു മനസ്സിലായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ 17നു പ്രസന്നയും സജിനും മദ്യം കണ്ടെടുത്ത സ്ഥലത്ത് നില്‍ക്കുന്നതായി കണ്ടു. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു കേസ്. പ്രബേഷനറി ഓഫിസര്‍ ദേവലാല്‍, സിഇഒമാരായ പ്രിന്‍സ്, മഞ്ചുനാഥ്, മുഹമ്മദ് ഷെരീഫ്, ശ്രീജിത്ത് മിറാന്‍ഡ എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.

FOLLOW US: pathram online

pathram:
Leave a Comment