മുന്‍ കാമുകിയുമായി സംസാരിച്ചതിന് കോലി തന്നെ ചീത്തവിളിച്ചു വെളിപ്പെടുത്തലുമായി നിക് കോംപ്ടണ്‍

മുന്‍ കാമുകിയുമായി സംസാരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി തന്നെ ചീത്തവിളിച്ച സംഭവം വിവരിച്ച് മുന്‍ ഇംഗ്ലണ്ട് താരം നിക് കോംപ്ടണ്‍. 2012ല്‍ ഇന്ത്യയില്‍ പര്യടനത്തിനു വന്ന സമയത്താണ് സംഭവം. അന്ന് ഇംഗ്ലിഷ് ടീമിന്റെ ഓപ്പണറായിരുന്നു കോംപ്ടണ്‍. പരമ്പരയ്ക്കു മുന്നോടിയായി കറങ്ങാന്‍ പോയ സമയത്ത് കോലിയുടെ മുന്‍ കാമുകിയെ കണ്ടുമുട്ടിയെന്നും ഇതറിഞ്ഞ കോലി കളിക്കിടെ തന്നെ ചീത്തവിളിച്ചെന്നുമാണ് കോംപ്ടന്റെ വെളിപ്പെടുത്തല്‍. അത് കോലിയുടെ കാമുകിയാണെന്ന് തന്നെ അറിയിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമമെന്നും കോംപ്ടണ്‍ വിവരിച്ചു

‘എഡ്ജസ് ആന്‍ഡ് സ്ലെഡ്ജസ് ക്രിക്കറ്റ് പോഡ്കാസ്റ്റി’ലാണ് കോംപ്ടന്റെ വെളിപ്പെടുത്തല്‍. അതേസമയം, കോലിയുടെ മുന്‍ കാമുകി ആരെന്ന കാര്യം കോംപ്ടണ്‍ വെളിപ്പെടുത്തിയുമില്ല. ‘ആ പരമ്പരയുടെ (2012) സമയത്ത് പതിവുപോലെ കോലിയും ഞാനും തമ്മില്‍ കോര്‍ത്തു. പരമ്പരയ്ക്കു മുന്നോടിയായി ഒരിക്കല്‍ പുറത്തുപോയ സമയത്ത് എനിക്കൊപ്പം കെവിന്‍ പീറ്റേഴ്‌സനും യുവരാജ് സിങ്ങുമെല്ലാം ഉണ്ടായിരുന്നു. ഇതിനിടെ കോലിയുടെ മുന്‍ കാമുകിയും അവിടെയെത്തി’ കോംപ്ടണ്‍ പറഞ്ഞു.

‘അന്ന് ഞാന്‍ അവരുമായി സംസാരിച്ചു. വിവരമറിഞ്ഞ കോലിക്ക് അതത്ര ഇഷ്ടമായില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പരമ്പരയ്ക്കിടെ ഞാന്‍ ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം കോലി എന്തെങ്കിലുമൊക്കെ വിളിച്ചുപറയും. അന്ന് ഞാന്‍ സംസാരിച്ച യുവതി തന്റെ കാമുകിയാണെന്ന് എന്നെ അറിയിക്കാനായിരുന്നു കോലിയുടെ ശ്രമം. പക്ഷേ അവര്‍ എന്നോട് പറഞ്ഞത് കോലി തന്റെ മുന്‍ കാമുകനാണെന്നാണ്. ഇതില്‍ ആരു പറഞ്ഞതാണ് സത്യമെന്ന് ആര്‍ക്കറിയാം’ കോംപ്ടണ്‍ പറഞ്ഞു.


ആ പരമ്പരയുടെ സമയത്ത് കോലി ബാറ്റിങ്ങിനെത്തുമ്പോള്‍ ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ശ്രമിച്ചിരുന്നതായും കോംപ്ടണ്‍ വെളിപ്പെടുത്തി. ‘ആ സമയത്ത് ഇതെല്ലാം ഒരു തമാശമായിരുന്നു. ഇംഗ്ലണ്ട് ടീമിലെ താരങ്ങളെല്ലാം ഈ സംഭവം പരമാവധി ഉപയോഗപ്പെടുത്തി. കോലിക്കെതിരെ ഇതൊരു ആയുധമായി ഞങ്ങള്‍ ഉപയോഗിച്ചു. അദ്ദേഹത്തെ പ്രകോപിപ്പിക്കാനായിരുന്നു ശ്രമം’ കോംപ്ടണ്‍ പറഞ്ഞു.

‘പക്ഷേ, കോലി അതിലൊന്നും വീഴുന്ന ആളായിരുന്നില്ല. പരമ്പരയിലെ അവസാന ടെസ്റ്റില്‍ നാഗ്പുരില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി കോലി തിരിച്ചടിച്ചു. പിന്നീട് കോലിക്ക് വച്ചടിവച്ചടി കയറ്റമായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ കോലി അടിക്കടി കരുത്താര്‍ജിച്ചു. പക്ഷേ, ആ പരമ്പരയില്‍ ഞങ്ങള്‍ക്ക് പറഞ്ഞുചിരിക്കാനുള്ള ഒരു സംഭവമായിരുന്നു അത്. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും. പക്ഷേ, എല്ലാം നന്നായിത്തന്നെ അവസാനിച്ചു’ കോംപ്ടണ്‍ പറഞ്ഞു.

2012ല്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 21ന് ജയിച്ചിരുന്നു. 198485നുശേഷം ഇന്ത്യന്‍ മണ്ണില്‍ ഇംഗ്ലണ്ടിന്റെ ആദ്യ പരമ്പര ജയമായിരുന്നു അത്. ഈ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച കോംപ്ടണ്‍ നാലു ടെസ്റ്റുകളില്‍നിന്ന് 208 റണ്‍സാണ് നേടിയത്. രണ്ടാം ടെസ്റ്റില്‍ മോണ്ടി പനേസറിന്റെ പന്തില്‍ വിരാട് കോലിയെ പുറത്താക്കാന്‍ ക്യാച്ചെടുത്തതും കോംപ്ടണായിരുന്നു

ഇംഗ്ലണ്ടിനായി 16 ടെസ്റ്റുകള്‍ കളിച്ച താരമാണ് മുപ്പത്താറുകാരനായ നിക് കോംപ്ടണ്‍. 2012ല്‍ അഹമ്മദാബാദില്‍ ഇന്ത്യയ്ക്കെതിരെ അരങ്ങേറിയ കോംപ്ടണ്‍ 2016ല്‍ ശ്രീലങ്കയ്ക്കെതിരെ ലോര്‍ഡ്‌സില്‍ കളിച്ച ടെസ്റ്റോടെയാണ് വിരമിച്ചത്. 16 ടെസ്റ്റുകളില്‍നിന്ന് 28.70 ശരാശരിയില്‍ രണ്ടു വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയും സഹിതം 775 റണ്‍സെടുത്തു.

follow us: pathram online latest news

pathram:
Leave a Comment