ധോണി നായകനായതോടെ ക്രിക്കറ്റ് ലോകത്തിന് നഷ്ടമായത് മികച്ചൊരു ബാറ്റ്‌സ്മാനെയെന്ന് ഗംഭീര്‍

മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായതോടെ ക്രിക്കറ്റ് ലോകത്തിന് നഷ്ടമായത് മികച്ചൊരു ബാറ്റ്‌സ്മാനെയാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് മധ്യനിരയിലേക്ക് മാറുന്നതിനു പകരം ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായി തുടര്‍ന്നിരുന്നെങ്കില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന മികച്ച ബാറ്റ്‌സ്മാനായി ധോണി മാറുമായിരുന്നുവെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. മൂന്നാം നമ്പറില്‍നിന്ന് മധ്യനിരയിലേക്ക് മാറിയതോടെ ആരാധകരെ ഇളക്കിമറിക്കാന്‍ കെല്‍പ്പുള്ള ഒരു താരത്തെയാണ് നഷ്ടമായെന്ന് ഗംഭീര്‍ വിലയിരുത്തി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ‘ക്രിക്കറ്റ് കണക്ടഡ്’ എന്ന ഷോയിലാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

2004ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ധോണി, മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയിലാണ് ആദ്യമായി ആരാധകരുടെ ശ്രദ്ധയിലെത്തിയത്. ബംഗ്ലദേശിനെതിരെ പൂജ്യത്തിന് പുറത്തായി അരങ്ങേറ്റം കുറിച്ച ധോണി, പിന്നീടുള്ള മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്തത് 12, 7*, 3 എന്നിങ്ങനെ. അതും ഏഴാം സ്ഥാനത്ത് ബാറ്റിങ്ങിനെത്തി. പിന്നീട് പാക്കിസ്ഥാനെതിരെ വിശാഖപട്ടണത്ത് നടന്ന ഒരു ഏകദിനത്തില്‍ ധോണിയെ മൂന്നാമനായി പരീക്ഷിച്ച അന്നത്തെ നായകന്‍ ഗാംഗുലിയുടെ തന്ത്രമാണ് ധോണിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. അന്ന് 148 റണ്‍സാണ് ധോണി അടിച്ചെടുത്തത്. പിന്നീട് ജയ്പൂരില്‍ ശ്രീലങ്കയ്ക്കെതിരെ മൂന്നാമനായി കളത്തിലിറങ്ങിയ ധോണി പുറത്താകാതെ 183 റണ്‍സ് നേടിയതും ചരിത്രം. ഇന്നും ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍ ഇതാണ്.

കരിയറിന്റെ തുടക്കത്തില്‍ ടോപ് ഓര്‍ഡറിലേക്ക് മാറിയ ശേഷം മികച്ച ഇന്നിങ്‌സുകളുമായി കളം നിറഞ്ഞ ധോണി, 16 ഏകദിനങ്ങളില്‍നിന്ന് 82.00 ശരാശരിയില്‍ 993 റണ്‍സാണ് അടിച്ചെടുത്തത്. സ്‌ട്രൈക്കറ്റ് റേറ്റും നൂറിനടുത്ത്! എന്നാല്‍, പിന്നീട് ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്തം തലയിലായതോടെ ഫിനിഷിങ് റോളുകള്‍ ഏറ്റെടുത്ത് ധോണി മധ്യനിരയിലേക്ക് മാറുകയായിരുന്നു. ഏകദിന കരിയറില്‍ ആകെ സ്‌കോര്‍ ചെയ്ത 10,773 റണ്‍സില്‍ ഭൂരിഭാഗവും അഞ്ചാമതോ ആറാമതോ ആയി ബാറ്റു ചെയ്താണ് ധോണി നേടിയത്.

ധോണിയുടെ ഈ തീരുമാനം ഇന്ത്യയ്ക്ക് നഷ്ടമാക്കിയത് ഏറ്റവും ആവേശം കൊള്ളിക്കുന്ന ഒരു ബാറ്റ്‌സ്മാനെയാണെന്നാണ് ഗംഭീറിന്റെ വാദം. ‘ധോണി ഇന്ത്യന്‍ ക്യാപ്റ്റനാകുകയും മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യുന്നത് തുടരാതെ പോകുകയും ചെയ്തതോടെ ക്രിക്കറ്റ് ലോകത്തിന് സംഭവിച്ചത് വലിയൊരു നഷ്ടമാണ്. അദ്ദേഹം മൂന്നാം നമ്പറില്‍ത്തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് തികച്ചും വ്യത്യസ്തനായ ഒരു താരമായി അദ്ദേഹം മാറുമായിരുന്നു’ ഗംഭീര്‍ അഭിപ്രായപ്പെട്ടു.

‘മിക്കവാറും ഇപ്പോള്‍ നേടിയതിലും കൂടുതല്‍ റണ്‍സ്‌ േനടാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. മാത്രമല്ല, ഒട്ടേറെ റെക്കോര്‍ഡുകളും തകര്‍ക്കാനായേനെ. റെക്കോര്‍ഡിന്റെ കാര്യം പോകട്ടെ. അതെല്ലാം തകര്‍ന്നുവീഴാനുള്ളതാണ്. പക്ഷേ, ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത് ധോണി മൂന്നാം നമ്പര്‍ സ്ഥാനത്തുനിന്ന് മാറിയതോടെ ക്രിക്കറ്റ് ലോകത്തിന് നഷ്ടമായത് ആവേശം കൊള്ളിക്കുന്നൊരു ബാറ്റ്‌സ്മാനെയാണ്’ ഗംഭീര്‍ പറഞ്ഞു

ഇപ്പോഴത്തെ ബോളിങ് നിലവാരം വച്ച് ധോണി മൂന്നാം നമ്പറില്‍ ബാറ്റു ചെയ്തിരുന്നെങ്കിലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ശ്രീലങ്ക, ബംഗ്ലദേശ്, വെസ്റ്റിന്‍ഡീസ് തുടങ്ങിയ ടീമുകള്‍ക്കൊന്നും രാജ്യാന്തര നിലവാരമുള്ള ബോളിങ് നിരയില്ല. ആ സ്ഥിതിക്ക് മൂന്നാം നമ്പറില്‍ തുടര്‍ന്നിരുന്നെങ്കില്‍ ലോക ക്രിക്കറ്റിലെ ഒട്ടേറെ റെക്കോര്‍ഡുകള്‍ ഇപ്പോള്‍ ധോണിയുടെ പേരിലിരുന്നേനെ’ ഗംഭീര്‍ ചൂണ്ടിക്കാട്ടി.

follow us: pathram online latest news

pathram:
Leave a Comment