കോവിഡിനേക്കാള്‍ ദുരിതം ലോക്ക്ഡൗണ്‍ ആണെന്ന് ഹൈക്കോടതി

കോവിഡ് 19 നേക്കാള്‍ രാജ്യത്ത് ദുരിതം വിതച്ചത് ലോക്ക്ഡൗണ്‍ ആണെന്ന് ഡല്‍ഹി ഹൈക്കോടതി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതെന്നും അവ പരിഗണിക്കുന്നത് സമയനഷ്ടം മാത്രമെ ഉണ്ടാക്കൂവെന്നും അഭിപ്രായപ്പെട്ട കോടതി 20,000 രൂപ പിഴയിട്ടാണ് ഹര്‍ജി തള്ളിയത്.

ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് കാല്‍നടയായി കിലോമീറ്ററുകളോളം നടന്ന് സ്വന്തം നാട്ടിലേക്ക് പോകേണ്ടിവന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അപകടകരമായ നിലയിലെത്തി. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ആയിരക്കണക്കിന് പേര്‍ക്ക് ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കേണ്ടിവന്നു. പലര്‍ക്കും കടുത്ത വിശപ്പ് അനുഭവിക്കേണ്ടിവന്നു. ഈ സാഹചര്യത്തില്‍ കോവിഡിനെക്കാള്‍ കൂടുതല്‍ ദുരിതം വിതച്ചത് ലോക്ക്ഡൗണ്‍ ആണെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ലോകം മുഴുവന്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കരുതെന്ന് പറയാനാകില്ല. എന്നാല്‍, കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനൊപ്പം ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. നിയമ വിദ്യാര്‍ഥിയായ അര്‍ജുന്‍ അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പിഴയിട്ട് തള്ളിയത്. നിയമ വിദ്യാര്‍ഥിയായ ഹര്‍ജിക്കാരന്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്നും ബഞ്ച് വ്യക്തമാക്കി.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ മാത്രമാണ് ലോക്ക്ഡൗണ്‍ നീക്കുന്നതെന്നും കോവിഡ് ബാധിച്ച് ജനങ്ങള്‍ മരിക്കുന്ന സാഹചര്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഘട്ടം ഘട്ടമായാണ് തുറക്കല്‍ നടപടിയുമായി സര്‍ക്കാരുകള്‍ മുന്നോട്ടു പോകുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമെങ്കില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

follow us: pathram online latest news..

pathram:
Leave a Comment