ജോലിക്കായി കൊണ്ടുപോയ യുവതികള്‍ ക്രൂര പീഡനത്തിനിരായി; രക്ഷപെട്ട് ലോക്ഡൗണ്‍ കാലത്ത് രണ്ട് മാസം കഴിച്ചുകൂട്ടിയത് കൊടും കാട്ടില്‍

ഫാക്ടറിയില്‍ ജോലിക്കായി കൊണ്ടുപോയ യുവതികള്‍ അന്യ സംസ്ഥാനത്ത് കൂട്ട ബലാത്സംഗത്തിനും ക്രൂരമായ അക്രമത്തിനും ഇരയായി. പീഡകരില്‍ നിന്നും രക്ഷ തേടി ലോക്ക്ഡൗണ്‍ കാലത്ത് ഇവര്‍ രണ്ടുമാസം കഴിഞ്ഞത് കൊടും കാട്ടില്‍. ഝാര്‍ഖണ്ഡിലെ ഡുംകയില്‍ നിന്നും കര്‍ണാടകയിലെ ഫാക്ടറിയില്‍ എത്തിയ ആദിവാസി യുവതികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ദിവസവും 15 മണിക്കൂറോളം ജോലി ചെയ്യിക്കുകയും ആഴ്ചയില്‍ 200 രൂപ മാത്രം കൂലി നല്‍കിയും ഫാക്ടറി ഉടമ തൊഴില്‍ ചൂഷണം നടത്തിയപ്പോള്‍ ഇവിടുത്തെ ജീവനക്കാരായ രണ്ടുപേര്‍ യുവതികളില്‍ ഒരാളെ ബലാത്സംഗത്തിന് വിധേയമാക്കുകയും ചെയ്തു.

ബംഗലുരുവില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള കുംബാല്‍ഗൊഡു പോലീസ് സ്റ്റേഷനില്‍ മെയ് 5 ന് നാട്ടിലേക്ക് മടങ്ങാം എന്ന ആശയുമായി എത്തിയപ്പോഴാണ് ഇവര്‍ നേരിട്ട പീഡനം ലോകമറിഞ്ഞത്. ഇവരുടെ പ്രശ്നം പുറത്ത് കൊണ്ടുവന്നത് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. ഝാര്‍ഖണ്ഡില്‍ നിന്നും കര്‍ണാടകയില്‍ കരാര്‍ ജോലിക്കായി എത്തിയ കരാറുകാരന്‍ നിക്കോളാസ് മുര്‍മ്മു എന്നയാളാണ് ഇവര്‍ക്ക് തുണയായത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ എത്തിയ ഝാര്‍ഖണ്ഡ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇടയില്‍ നിന്നുമാണ് മുര്‍മ്മു യുവതികളെ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം എട്ടും അഞ്ചും വയസ്സ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികളും ഉണ്ടായിരുന്നു.

ഇവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായിരുന്നു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായിരുന്നില്ല. മൊബൈല്‍ ഫോണും ഇല്ലായിരുന്നു. സംസാരിക്കുന്നതാകട്ടെ സന്താളീസ് ഭാഷ മാത്രം. ഹിന്ദി അറിയുമായിരുന്നില്ല. നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് കേട്ടറിഞ്ഞു വന്ന ഇവരോട് ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞ് സന്താളീസ് ഭാഷ വശമുണ്ടായിരുന്ന മുര്‍മ്മു നമ്പര്‍ നല്‍കുകയായിരുന്നു.

മുര്‍മ്മുവിന് ഇവരില്‍ നിന്നും വന്ന ഫോണ്‍കോള്‍ അനുസരിച്ചാണ് കേസിലേക്ക് പോലീസിന്റെ ശ്രദ്ധയും വരുന്നത്. ഇവരെ കുറിച്ചുള്ള അന്വേഷണം എത്തി നിന്നത് വലിയൊരു ചൂഷണത്തിന്റെ കഥയിലേക്കാണ്. അവര്‍ ജോലി ചെയ്തിരുന്ന കെന്‍ഗിരിയിലെ ഫാക്ടറിയില്‍ അടിമ വേല ചെയ്യുകയാിയരുന്നു. അവിടെ ക്രൂരമായ മര്‍ദ്ദനത്തിനും കൂട്ട ബലാത്സംഗത്തിനും ഇരയായതിനെ തുടര്‍ന്ന് ലോക്ക് ഡൗണിന്റെ രണ്ടുമാസത്തോളം അഞ്ചും എട്ടും വയസ്സുള്ള മക്കളുമായി കാട്ടില്‍ ഒളിച്ചു കഴിയുകയായിരുന്നു. കെന്‍ഗരി ഫാക്ടറിയില്‍ വെച്ച് രണ്ടുപേര്‍ ബലാത്സംഗം ചെയ്തതായി ഒരു യുവതി ആരോപിച്ചു.

ഒക്ടോബര്‍ മുതലാണ് യുവതികള്‍ കമ്പനിയില്‍ ജോലി ആരംഭിച്ചത്. മാസം 9000 രൂപ ശമ്പളം വാഗദ്ാനം ചെയ്താണ് ഇവരെ തൊഴിലിനായി കൊണ്ടുവന്നത്. എന്നാല്‍ ആഴ്ചയില്‍ കേവലം 200 രൂപയാണ് ഇവര്‍ക്ക് കൂലി കിട്ടിയിരുന്നതെന്ന് പരാതിയില്‍ പറയുന്നു. ദിവസവും 15 മണിക്കൂര്‍ വരെ ഇവര്‍ ജോലി ചെയ്യേണ്ടിയും വന്നു. ജനുവരിയില്‍ അടിമവേലയില്‍ നിന്നും രണ്ടു യുവതികളും ഒളിച്ചോടിയതാണ്. എന്നാല്‍ ഇവരെ ഫാക്ടറി സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ തെരഞ്ഞുപിടിച്ച് തിരികെ കൊണ്ടുവന്നു. ഫാക്ടറി ഉടമയുടെ കാറിലാണ് കൊണ്ടുവന്നത്. അതിന് ശേഷം ഇവരെ ഒരു മുറിയില്‍ പൂട്ടിയിട്ടു. മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ആധാര്‍ കാര്‍ഡും ഫോണും എടുത്തുകൊണ്ടു പോകുകയു ചെയ്തു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ യുവതികളില്‍ ഒരാള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി.

മാര്‍ച്ച് പകുതിയോടെ ഇരുവരും വീണ്ടും രക്ഷപ്പെട്ടു. ഈ സമയത്ത് ലോക്ക് ഡൗണ്‍ വന്നതിനാല്‍ കുംബാലഗോഡുവിലെ കാട്ടില്‍ ഇവര്‍ അഭയം തേടി. ഗ്രാമീണരോട് ഭക്ഷണം യാചിക്കാന്‍ മാത്രമായിരുന്നു പുറത്തുവന്നത്. ഇവരുടെ ദുരിതം കണ്ട് ഒരു കരാറുകാന്‍ തന്റെ കെട്ടിടത്തില്‍ കിടക്കാനും കഴിക്കാനും ഇടം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഇയാളും ലൈംഗിക ചൂഷണത്തിന് തുനിഞ്ഞു. മെയ് 21 ന് ഇവരില്‍ ഒരാളില്‍ നിന്നും മുര്‍മ്മുവിനെ തേടി ഒരു കോള്‍ വന്നു. കരാറുകാരന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പറഞ്ഞത്. ഇതോടെയാണ് മുര്‍മു പോലീസിനെ വിളിച്ചതും ഝാര്‍ഖണ്ഡിലെ ചില മനുഷ്യാവകാശ പ്രവര്‍ത്തകരെ സമീപിച്ചതും.

കുടിയേറ്റതൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചില ഗ്രൂപ്പുകളുടെ സഹായമാണ് യുവതികളെ രക്ഷപ്പെടുത്തിയത്. കരാറുകാരനെതിരേ ഇവര്‍ പരാതിയും നല്‍കിയത്. ഈ രണ്ടു ഫാക്ടറി ജീവനക്കാര്‍ക്കുമെതിരേ ബലാത്സംഗത്തിനും പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തിനും കേസെടുത്തിരിക്കുകയാണ്. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഫാക്ടറി ഉടമ ചെന്നൈക്കാരനാണ്. കോവിഡ് കാരണം ഇയാള്‍ നാട്ടിലില്ല. എന്നാല്‍ അന്വേഷണം നടക്കുകയാണ്. പോലീസ് സഹായിക്കാന്‍ തയ്യാറാകുമെന്ന് ഉറപ്പായപ്പോഴാണ് തങ്ങള്‍ നേരിട്ട ദുരിതത്തെക്കുറിച്ച് ഇരുവരും പറയാന്‍ തയ്യാറായത്. തന്നെ ബലാത്സംഗം ചെയ്ത രണ്ടുപേരില്‍ ഒരാളെ യുവതി തിരിച്ചറിയുകയും ചെയ്തു. രണ്ടു യുവതികളും ഇപ്പോള്‍ ഡുംകയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ്. ഇവരുടെ കുട്ടികള്‍ക്കും കോവിഡ് പരിശോധന നടത്തി. ഫലം കാത്തിരിക്കുകയാണ്.

ജൂണ്‍ 3 ന് ശ്രമിക് ട്രെയിനില്‍ കയറി യുവതികളും കുട്ടികളും ജൂണ്‍ 5 ന് നാട്ടില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യക്കടത്തിനും തൊഴില്‍തട്ടിപ്പിനും ആദ്യം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് യുവതികളുടെ അഭിഭാഷക പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അന്വേഷിക്കാമെന്ന നിലപാടിലായി പോലീസ്. യുവതികള്‍ക്ക് തൊഴില്‍ വകുപ്പ് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും.

follow us: pathram online latest news

pathram:
Related Post
Leave a Comment