ഗുരുവായൂര്‍ വിവാഹത്തിന് കോവിഡ് ബാധിച്ച ബ്യൂട്ടീഷ്യന്‍ ഒരുക്കിയെന്ന് സന്ദേശം…

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ പുനഃരാരംഭിച്ചിരിക്കുകയാണ്. ഇതിനിടെ ക്ഷേത്രം അധികൃതരെ കുഴപ്പത്തിലാക്കി ഒരു ഫോണ്‍ കോള്‍ എത്തി. ഇന്നലെ നടന്ന വിവാഹങ്ങളില്‍ ഒന്നില്‍ കോവിഡ് ബാധിച്ച ബ്യൂട്ടീഷ്യനാണ് വധുവിനെ ഒരുക്കിയത് എന്നായിരുന്നു സന്ദേശം. ഇത് അധികൃതരെ ആശങ്കയിലാക്കി.

രാവിലെ 7.45ന് ക്ഷേത്രത്തിലെ ഫോണിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. ഹരീഷ്, എറണാകുളം എന്ന പേരു പറഞ്ഞാണ് വിളിച്ചത്. പാലക്കാട്ടു നിന്നുള്ള ഒരു വിവാഹസംഘത്തിലെ വധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടിഷ്യന് കോവിഡ് ഉണ്ടെന്നാണ് ഇയാള്‍ ചീഫ് സെക്യൂരിറ്റി ഓഫിസറോട് പറഞ്ഞത്. തുടര്‍ന്ന് പാലക്കാട്ടു നിന്നുള്ള സംഘത്തോട് അന്വേഷിച്ചപ്പോള്‍ ബന്ധുക്കളാണ് വധുവിനെ ഒരുക്കിയതെന്ന് ഇവര്‍ പറഞ്ഞു.

തുടര്‍ന്ന് പോലീസ് വീണ്ടും നടത്തിയ അന്വേഷണത്തില്‍ പാലക്കാട്ട് വിദേശത്തു നിന്നെത്തിയ കോവിഡ് ബാധിതനായ പ്രവാസിയുടെ ഭാര്യ ബ്യൂട്ടിഷ്യനാണെന്ന് കണ്ടെത്തി. ഗുരുവായൂരില്‍ ഇന്നലെ നടന്ന വിവാഹത്തിലെ വധുവിന്റെ അച്ഛന്റെ നാട്ടുകാരിയാണിവര്‍. എന്നാല്‍ ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അടുത്തൊന്നും ബ്യൂട്ടിഷ്യന്‍ ജോലിക്ക് പോയിട്ടില്ലെന്നും വ്യക്തമായി. 20 വിവാഹങ്ങളാണ് ഇന്നലെ നടന്നത്. ഓരോ സംഘത്തോടും വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

follow us: pathram online latest news

pathram:
Leave a Comment