പ്രസാദം വാങ്ങിയാല്‍ കോവിഡ് വരും; മദ്യം വാങ്ങിയാല്‍ വരില്ല; ഈ നിലപാട് അംഗീകരിക്കാനാവില്ല

കോഴിക്കോട്: ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദം സ്വീകരിച്ചാല്‍ കോവിഡ് വരുമെന്നും മദ്യം വാങ്ങാന്‍ എല്ലാ നിയന്ത്രണവും തെറ്റിച്ച് അടിയുണ്ടാക്കി വരി നിന്നാല്‍ കോവിഡ് പകരില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ. മുരളീധരന്‍ എം.പി. ഭക്തര്‍ക്ക് സംതൃപ്തിയോടെ പ്രാര്‍ഥിക്കാനുള്ള അവസരമൊരുക്കണം. അല്ലാതെ ദൂരെ കൊടിയുടെ മുന്നില്‍ നിന്ന് ആ വിളക്കിരിക്കുന്നിടത്താണോ വിദ്വാന്‍ എന്ന് ചോദിക്കുന്നവരുടെ കൂട്ടത്തിലല്ല യഥാര്‍ഥ വിശ്വാസിയെന്നും മുരളീധരന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രം പറഞ്ഞിട്ടാണ് ആരാധനാലയങ്ങള്‍ തുറന്നത്. തുറന്നപ്പോള്‍ ബി.ജെ.പിക്കാര്‍ പറയുന്നു തുറക്കേണ്ടെന്ന്. തങ്ങളാണ് ക്ഷേത്രങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷകരെന്നാണ് ചിലര്‍ മേനി നടിച്ച് നടക്കുന്നത്. എന്നാല്‍ അങ്ങനെ വിശ്വാസികളുടെ സംരക്ഷണം ആരേയും ഏല്‍പിച്ചിട്ടില്ല. അത് വിശ്വാസികള്‍ തീരുമാനിക്കും. കൃത്യമായ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച് തന്നെ ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്താന്‍ കഴിയും. അതിന് ശ്രമിച്ചാല്‍ മതിയെന്നും കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടി.

14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും 14 ദിവസത്തെ ഹോം ക്വാറന്റൈനും ഉണ്ടെങ്കില്‍ ഇത്രയും കോവിഡ് മരണം ഉണ്ടാവുമായിരിന്നില്ല. ഇക്കാര്യം ഞങ്ങള്‍ ആദ്യമേ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷെ ചെവിക്കൊണ്ടില്ല. രണ്ട് ലക്ഷം കിടക്കകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതിപ്പോള്‍ എവിടെ പോയി എന്ന് പറയണം. 35000 ആളുകള്‍ എത്തുമ്പോഴേക്കും എല്ലാം ഫില്ലായി. ഇപ്പോള്‍ വരുന്നവരെയൊക്കെ വീടുകളിലേക്ക് പറഞ്ഞയക്കുകയാണ്. നിരീക്ഷണത്തിന് സൗകര്യമുണ്ടോ എന്ന് പോലും നോക്കുന്നില്ല. പലയിടങ്ങളിലും ഇവിടെ ആളുകള്‍ നിരീക്ഷണത്തിലുണ്ടെന്ന് കാട്ടി നാട്ടുകാരാണ് ഫഌ്‌സ് വെക്കുന്നത്. ഇത് സമൂഹ വ്യാപനത്തിന് വഴിവെക്കും. ശ്രവ പരിശോധന പോലും കാര്യക്ഷമമായി നടക്കുന്നില്ല. ചോദ്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പത്രസമ്മേളനം നിര്‍ത്തി. മരണം റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലും ചവിട്ടി പിടുത്തമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

അതിരപ്പിള്ളിയുടെ കാര്യത്തില്‍ ആദ്യം എല്‍.ഡി.എഫ് മുന്നണി യോജിപ്പിലെത്തട്ടെ. സി.പി.ഐ ഒരു തരത്തിലും പദ്ധതിയുമായി മുന്നോട്ട് പോവാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്. ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ ഇതാണ് ചൂണ്ടിക്കാട്ടുന്നത്. ആദ്യം അവര്‍ യോജിപ്പിലെത്തിയിട്ടാവാം ഞങ്ങള്‍ അഭിപ്രായം പറയല്‍. സര്‍ക്കാരില്‍ തന്നെ യോജിപ്പില്ലാത്ത കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നതില്‍ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Leave a Comment