ജൂലൈ 31 നകം ഡല്‍ഹിയില്‍ 5.5 ലക്ഷം കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: ജൂലൈ 31 നകം ഡല്‍ഹിയില്‍ 5.5 ലക്ഷം കോവിഡ് 19 കേസുകള്‍ ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലും ഉന്നത കേന്ദ്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയില്‍ ഓരോ 1213 ദിവസത്തിനിടയിലും കോവിഡ് കേസുകള്‍ ഇരട്ടിയാകുന്നു. സര്‍ക്കാരിന്റെ കണക്കനുസരിച്ച് ജൂണ്‍ 15 നകം 44,000 കേസുകള്‍ ഉണ്ടാകും. 6,600 കിടക്കകളും ആവശ്യമാണ്. ജൂണ്‍ 30 നകം ഒരു ലക്ഷം കേസുകളില്‍ എത്തും. 15,000 കിടക്കകള്‍ ആവശ്യമാണ്. ജൂലൈ 15 നകം 2.25 ലക്ഷം കേസുകളാകും. 33,000 കിടക്കകളും ആവശ്യമാണ്. ജൂലൈ 31 നകം 5.5 ലക്ഷം കേസുകള്‍ പ്രതീക്ഷിക്കുന്നു, 80,000 കിടക്കകള്‍ ആവശ്യമായി വരും.

‘ജൂലൈ അവസാനത്തോടെ 80,000 കിടക്കകള്‍ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു. അത് ഡല്‍ഹി നിവാസികള്‍ക്ക് മാത്രം. പുറമേ നിന്നുള്ളവര്‍ക്കല്ല. ഇത് എവിടെ നിന്ന് വരും? ഇതിനെക്കുറിച്ച് എന്താണ് ചെയ്യേണ്ടത്? ഇന്നത്തെ മീറ്റിങ്ങിലാണ് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തതെങ്കിലും ഒന്നും തീരുമാനമായിട്ടില്ല. മറ്റെല്ലാ മെഡിക്കല്‍ നടപടിക്രമങ്ങളും നിര്‍ത്തിവയ്ക്കുകയും കോവിഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താല്‍ മാത്രമേ കിടക്കകള്‍ ലഭ്യമാകൂവെന്ന് കരുതുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ ചിന്തിക്കുകയാണ്’– അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 50 ശതമാനം കേസുകളുടെയും ഉറവിടം അജ്ഞാതമാണ്.

ഡല്‍ഹിയില്‍ ഇതുവരെ 29,943 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 17,712 ആണ്. ഇതുവരെ 11,357 പേര്‍ രോഗമുക്തരായി. 874 പേരാണ് രോഗം ബാധിച്ച് മരിച്ചത്‌

Follow us: pathram online

pathram:
Leave a Comment