കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടാവാമെന്നു അമിത് ഷാ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടാവാമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം കൈകാര്യം ചെയ്യുന്നതിലും വീഴ്ച സംഭവിച്ചിരിക്കാം, പക്ഷേ സര്‍ക്കാരിന്റെ പ്രതിബന്ധത വ്യക്തമായിരുന്നുവെന്നും ന്യൂഡല്‍ഹിയില്‍ നിന്ന് ഒഡീഷയ്ക്കായുള്ള വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്തു കൊണ്ടു അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷത്തെ കാഴ്ച മങ്ങിയ ആളുകളോടാണ് എനിക്ക് സംസാരിക്കാനുള്ളത്. ഞങ്ങള്‍ക്കു തെറ്റു പറ്റിയിരിക്കാം വിചാരിച്ച പല കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞില്ലായിരിക്കാം. എന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്തതെന്നു രാജ്യത്തെ ജനങ്ങളോടു പറയൂ. ചെയ്ത കാര്യങ്ങള്‍ക്കു കണക്കു പറയാന്‍ തന്നെയാണ് ഞാന്‍ വന്നിരിക്കുന്നത്. കോവിഡ് പോരാട്ടത്തെ കുറിച്ച് അമേരിക്കന്‍ ഇംഗ്ലീഷിലോ, സ്വീഡന്‍ ഇംഗ്ലീഷിലോ ചിലര്‍ സംസാരിക്കുന്നു. നിങ്ങള്‍ എന്താണ് ചെയ്തത്. നിങ്ങള്‍ ഞങ്ങളെ ചോദ്യം ചെയ്യുന്നുവോ? മഹാമാരിയില്‍ നിന്ന് കരകയറാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ 60 കോടി ആളുകള്‍ക്ക് 1,70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ടെലിവിഷന്‍ അഭിമുഖങ്ങളില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന നിങ്ങള്‍ എന്ത് നല്ല കാര്യങ്ങളാണ് ജനങ്ങള്‍ക്കായി ചെയ്തതെന്നു അവരോട് പറയു.

അതിഥി തൊഴിലാളികള്‍ ലോക്ഡൗണ്‍ സമയത്ത് കാല്‍നടയായി സ്വദേശത്തു മടങ്ങിയത് ഞാനും കണ്ടിട്ടുണ്ട്. ഞാനും ദുഃഖിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി ഈ കാര്യത്തില്‍ വളരെ വിഷമിച്ചിട്ടുണ്ട്. മേയ് 1 ന് ശ്രമിക് ട്രെയിനുകള്‍ ആരംഭിച്ചു. അതിഥി െതാഴിലാളികളെ സിറ്റി ബസുകളിലും അന്തര്‍സംസ്ഥാന ബസുകളിലും റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൈകോര്‍ത്തു. സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ക്കു ഭക്ഷണവും താമസവും നല്‍കി. ഒപ്പം 1,000 മുതല്‍ 2,000 രൂപ വരെ നല്‍കി. കേന്ദ്രത്തിന്റെ വ്യക്തമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ 1.25 കോടിയോളം വരുന്ന കുടിയേറ്റ ജനത സുരക്ഷിതരായി അവരുടെ ഭവനങ്ങളില്‍ എത്തുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?

സംസ്ഥാന സര്‍ക്കാരുകള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ ഭേദമാണ്. കോവിഡിനു മുന്നില്‍ വന്‍രാജ്യങ്ങള്‍ തകര്‍ന്നപ്പോള്‍ ഇന്ത്യ തലയുയര്‍ത്തി തന്നെ നിന്നു. ഇതിനു മുന്‍പും പല പകര്‍ച്ച വ്യാധികളും ഇന്ത്യയെ പിടിച്ചുലച്ചിട്ടുണ്ട്. പക്ഷേ ഈ പോരാട്ടത്തില്‍ നരേന്ദ്രമോദി ജനങ്ങളെ ഒപ്പം കൂട്ടിയെന്നാണ് സവിശേഷതയെന്നും അമിത് ഷാ പറഞ്ഞു

Follow us: pathram online

pathram:
Leave a Comment