അഭിനയമെന്ന് പറയുന്നത് ദൈവത്തിന്റെ വരദാനമാണ്… അത് ലഭിച്ച പെണ്‍കുട്ടിയാണ് മഞ്ജു, അതില്ലാത്തൊരു ജീവിതം മഞ്ജുവിനെ സംബന്ധിച്ചിടത്തോളം ശരിയല്ലെന്ന് സിബി മലയില്‍

മലയാളികളുടെ പ്രിയനടിയാണ് മഞ്ജു വാര്യര്‍. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന മഞ്ജു 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെ എത്തുകയും ചെയ്തു. ദിലീപുമായുള്ള വിവാഹമോചനവും മറ്റ് വിവാദങ്ങളും ഉണ്ടായെങ്കിലും മഞ്ജുവിന് കൈ നിറയെ ചിത്രങ്ങളാണ്. തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു നടി. ധനുഷിന്റെ നായികയായി എത്തിയ അസുരന്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ മഞ്ജുവിനെ കുറിച്ച് സിബിമലയില്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സിബി മലയില്‍ മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് വാചാലനായത്.

സിബി മലയിലിന്റെ വാക്കുകള്‍

ഇത്രയധികം നായികമാരെ വെച്ച് പടം ചെയ്താലും മഞ്ജു വാര്യരോടുള്ള ബഹുമാനവും സ്‌നേഹവും എന്നും ഉണ്ടാവും. അവരുടെ കഴിവ് അപൂര്‍വ്വമായൊരു സിദ്ധിയാണ്. സല്ലാപം എന്ന സിനിമയുടെ ഡബ്ബിങ് ആദ്യം അറ്റന്‍ഡ് ചെയ്തത് ഞാനാണ്. ലോഹിയും മറ്റും തിരക്കിലായതിനാല്‍ പുതിയ നടിയാണ് എന്നോട് അറ്റന്‍ഡ് ചെയ്യാന്‍ പറയുകയായിരുന്നു.

ഡബ്ബിങ് കണ്ടോണ്ട് ഇരുന്നപ്പോള്‍ തന്നെ ഞാന്‍ അത്ഭുതപ്പെട്ടു. എന്തൊരു അഭിനയ സിദ്ധിയാണ് ഈ കുട്ടിയ്ക്ക്. ശ്രീജയാണ് അത് ഡബ്ബ് ചെയ്തത്. പക്ഷെ ഇമോഷണലൊക്കെ നന്നായി ചെയ്ത് മഞ്ജു ശരിക്കും ഡയലോഗ് പറഞ്ഞ് അഭിനയിച്ചിരുന്നു. ആ കുട്ടി നന്നായി ചെയ്തിട്ടുണ്ടല്ലോ. എന്തിനാണ് വേറെ ഒരാളെ കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന് അന്നേരം ഞാന്‍ അവരെ വിളിച്ച് പറഞ്ഞിരുന്നു.

സമയ കുറവും മറ്റും കൊണ്ടും അന്ന് അവര്‍ക്ക് ഒരു വിശ്വാസ കുറവ് ഉള്ളത് കൊണ്ടും സംഭവിച്ചതാണ്. അങ്ങനെ അവിടെ നിന്നാണ് ആദ്യമായി മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ കഴിവ് ഞാന്‍ കാണുന്നതും മനസിലാക്കുന്നതും. സല്ലാപത്തിന്റെ വിജയത്തിന് ശേഷം തിരുവനന്തപുരത്ത് വെച്ച് ഞങ്ങള്‍ ആഘോഷം നടത്തിയിരുന്നു.

അന്ന് ഞാനും മഞ്ജുവും ലോഹിയും നില്‍ക്കുന്നതിനിടെ നീ അഭിനയത്തിന് വേണ്ടി ഒഴിഞ്ഞ് വെക്കപ്പെട്ട ജന്മമാണെന്ന് ലോഹി മഞ്ജുവിനോട് പറഞ്ഞിട്ടുണ്ട്. മറ്റൊരു ജന്മമില്ല. നീ അഭിനയിക്കാന്‍ വേണ്ടി പിറന്നതാണ്. ശരിക്കും അത് സത്യമാണ്. ലോഹിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ അല്ലെങ്കില്‍ ആ പ്രവചനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഞാന്‍ അതിനെ ഇപ്പോഴും കാണുന്നത്.

കാരണം അഭിനയമെന്ന് പറയുന്നത് ദൈവത്തിന്റെ പ്രത്യേകമായൊരു വരദാനമാണ്. അത് ലഭിച്ച പെണ്‍കുട്ടിയാണ് മഞ്ജു. അതില്ലാത്തൊരു ജീവിതം മഞ്ജുവിനെ സംബന്ധിച്ചിടത്തോളം ശരിയല്ലെന്നാണ് ഒരു സിനിമാസ്വാദകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും മഞ്ജുവിനെ ഏറ്റവും അടുത്ത് കാണുന്ന ആളെന്ന നിലയിലും എനിക്ക് അതിനെ അങ്ങനെ നോക്കി കാണുന്നതാണ് ഇഷ്ടമെന്ന് സിബി മലയില്‍ പറയുന്നു.

Follow us- pathram online latest news

pathram:
Related Post
Leave a Comment