ടോള്‍ തകര്‍ത്ത് മുങ്ങിയ തവിട് വണ്ടി ഡ്രൈവര്‍ മദ്യം കടത്തുമ്പോള്‍ പിടിയില്‍

കൊച്ചി: എക്‌സൈസിനെ വെട്ടിച്ച് പാലിയേക്കര ടോള്‍ തകര്‍ത്ത് മുങ്ങിയ സ്പിരിറ്റ് വണ്ടി തവിട് വണ്ടിയായ സംഭവത്തില്‍ പൊലീസിനു കീഴടങ്ങിയ ആള്‍ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്കു മദ്യം കടത്തുമ്പോള്‍ പിടിയിലായി. പാലക്കാട് ആട്ടയാംപതി സ്വദേശികളായ വിനയ് ദാസ്(31) സഹായി ജൊവാന്‍ എന്നിവരാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. തവിട് സംഭവത്തിലെ വിനയ്ദാസ് ആണ് മദ്യവുമായി വന്ന വാഹനവും ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ലോക്ഡൗണ്‍ ഇളവു പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടില്‍ മദ്യവില്‍പന തുടങ്ങിയെങ്കിലും കേരളത്തില്‍ ആരംഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കേരളത്തിലേക്കു മദ്യം കടത്തുന്നതായി തമിഴ്‌നാട് പൊലീസിന് വിവരം ലഭിച്ചിരുന്നു. കോയമ്പത്തൂര്‍, പൊള്ളാച്ചി പ്രദേശങ്ങളിലുള്ള മദ്യവില്‍പന ശാലകളുടെ പിന്തുണയിലായിരുന്നു മദ്യക്കടത്ത് എന്നാണ് പൊലീസിനു ലഭിച്ച വിവരം. തുടര്‍ന്ന് പൊള്ളാച്ചിക്കു സമീപമുള്ള സെമനാംപതി ചെക്‌പോയിന്റിലൂടെ മദ്യംകടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന 163 ടാസ്മാക് സീലുള്ള മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്.

ഈ മാസം ആദ്യമാണ് പാലിയേക്കര ടോള്‍ഗേറ്റ് തകര്‍ത്ത് എക്‌സൈസിനെയും പൊലീസിനെയും വെട്ടിച്ച് കടന്നു പോയ വാന്‍ കാണാതാകുകയും പിന്നീട് കൊഴിഞ്ഞാമ്പാറ നാട്ടുകല്ലില്‍ കണ്ടെത്തുകയും ചെയ്തത്. വാനില്‍ സ്പിരിറ്റാണെന്ന വിവരത്തെ തുടര്‍ന്നായിരുന്നു എക്‌സൈസ് ഇവരെ പിന്തുടര്‍ന്നത്. അതേ സമയം വാഹനം പിടികൂടുമ്പോള്‍ വണ്ടിയില്‍ സ്പിരിറ്റിനു പകരം 15 ചാക്ക് തടവിടായിരുന്നു എന്നാണ് ചിറ്റൂര്‍ സര്‍ക്കിള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. രാകേഷ് വിശദീകരിച്ചത്.

വാനിന്റെ നമ്പരും വ്യാജമായിരുന്നു. തൊണ്ടിമുതല്‍ ഇല്ലാതിരുന്നതിനാല്‍ എക്‌സൈസ് കേസെടുക്കാതെ ടോള്‍ ഗേറ്റ് തകര്‍ത്തതിനു മാത്രമായിരുന്നു പൊലീസ് കേസ്. വാനില്‍ പാന്‍മസാലയുണ്ടായിരുന്നെന്നും കോഴിക്കച്ചവടം നടത്തുന്നതിനാല്‍ കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കാനെത്തിയവരാണ് പിന്നാലെ വരുന്നതെന്ന് പേടിച്ച് അതിവേഗം പോകുകയായിരുന്നെന്നുമാണ് അന്ന് വിനയ് ദാസ് പിടിയിലാകുമ്പോള്‍ പൊലീസിനു നല്‍കിയ മൊഴി.

തമിഴ്‌നാട്ടില്‍ നിന്ന് കോഴി കേരളത്തിലെത്തിക്കുന്നതിനൊപ്പം ലഹരിപദാര്‍ഥങ്ങളും കൊണ്ടുവന്നിരുന്നതായി ഇയാള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. അതേ സമയം സ്പിരിറ്റ് കടത്തിയ വണ്ടി മാറ്റി തട്ടിപ്പു നടത്തിയതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

Follow us on patham online news

pathram:
Leave a Comment