സഖാവിന് ഇന്ന് 75; പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്…; ആശംസകള്‍…

ഇന്നേവരെ കാണാത്ത തരത്തില്‍ കേരളം പ്രതിസന്ധി നേരിട്ട ദിവസങ്ങള്‍, കേരളം മാത്രമല്ല, ലോകം മുഴുവന്‍ ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണ്. ഇതിനിടെ മലയാളികള്‍ക്ക് ഭീതിയില്‍നിന്ന് ആശ്വാസം നല്‍കാന്‍ മുന്നില്‍നിന്ന് നയിക്കുന്ന ഒരാളുണ്ട്.. അതെ, മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍…!!!

കോവിഡ്19 എന്ന മഹാമാരി ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്ന സമയം. അസാധാരണമായ ഈ സ്ഥിതിവിശേഷത്തിലാണ് ഇടതുമുന്നണി സര്‍ക്കാര്‍ മേയ് 25ന് അഞ്ചാംവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. അതിന്റെ അമരക്കാരനായ സഖാവ് പിണറായി വിജയനാകട്ടെ ഇന്ന് എഴുപത്തഞ്ച് വയസ്സ് തികയുകയുമാണ്. തന്റെ രാഷ്ട്രീയസാമൂഹിക ജീവിതത്തിലുടനീളം വെല്ലുവിളി നേരിട്ട നേതാവാണ് പിണറായി വിജയന്‍. സ്വതഃസിദ്ധമായ ഇച്ഛാശക്തികൊണ്ടാണ് അതിനൈയല്ലാം അദ്ദേഹം മറികടന്നത്. മഹാമാരി ആസുരഭാവം പൂണ്ടുനില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തിന്റെ പോരാട്ടത്തെ ഇടര്‍ച്ചയില്ലാതെ നയിക്കുന്നത് കേരള മുഖ്യമന്ത്രിയായ അദ്ദേഹമാണ് എന്നത് ഒരുപക്ഷേ ചരിത്രനിയോഗമാവാം.

കോവിഡ് മഹാമാരിക്കെതിരേ ലോകത്തിനുമാതൃകയായ പോരാട്ടം നടത്തുകയാണ് കേരളം. ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ മുതല്‍ സാധാരണജനങ്ങള്‍വരെയുള്ള പ്രതിരോധപ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ആ പോരാട്ടത്തിന്റെ മുന്‍നിരയില്‍നിന്ന് ആത്മവിശ്വാസത്തോടെ നയിക്കുകയെന്നത് ചെറിയ കാര്യമല്ല. രാജ്യത്താദ്യമായി 20,000 കോടിയുടെ ഉത്തേജകപാക്കേജ് പ്രഖ്യാപിച്ചത് കേരളമായിരുന്നു എന്നോര്‍ക്കുക. കോവിഡ് ആശുപത്രികളുടെ സജ്ജീകരണവും സൗജന്യ രോഗചികിത്സയും സാമൂഹിക അടുക്കളകളുടെ പ്രവര്‍ത്തനവും റേഷന്‍ഷോപ്പ് വഴിയുള്ള ഭക്ഷ്യവിതരണവും കൃത്യമായും സ്തുത്യര്‍ഹമായും കേരളം നടപ്പാക്കി. പ്രശ്‌നങ്ങളെ നേര്‍ക്കുനേര്‍ നേരിടാനുള്ള കര്‍മശേഷി മുഖ്യമന്ത്രിക്കുണ്ടെന്ന് എതിരാളികള്‍പോലും സമ്മതിച്ചു. മുമ്പും നാമത് കണ്ടിട്ടുണ്ട്. കേരളത്തെ പിടിച്ചുകുലുക്കിയ രണ്ടുപ്രളയങ്ങളുടെ സമയത്ത്, ഭീതിജനകമായ നിപ വൈറസിനെ പിടിച്ചുകെട്ടിയപ്പോള്‍, ഓഖി തെക്കന്‍ കേരളത്തെ പിടിച്ചുകുലുക്കിയ വേളയില്‍ഇടതുസര്‍ക്കാരിന്റെ ഇച്ഛാശക്തിയും പിണറായി വിജയന്റെ നേതൃപാടവവും പ്രകടമായ സന്ദര്‍ഭങ്ങളായിരുന്നു അവയെല്ലാം.

ഏതുപ്രതിസന്ധിയെയും തരണംചെയ്യാനുള്ള സഖാവ് പിണറായി വിജയന്റെ കഴിവ് മനസ്സിലാക്കാനുള്ള എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളാണ് പൈട്ടന്ന് ഓര്‍മവരുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയതടവുകാരായി ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ജീവനോടെയോ അല്ലാതെയോ എന്നെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 25,000 രൂപയായിരുന്നു സര്‍ക്കാര്‍ വാഗ്ദാനംചെയ്ത പ്രതിഫലം. സ്വത്തുമുഴുവന്‍ കണ്ടുകെട്ടി. അന്ന് പിണറായി വിജയന്‍ ജയിലില്‍ അനുഭവിച്ച കൊടിയമര്‍ദനം എന്തായിരുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. ഇരുമ്പഴിക്കുള്ളിലെ ആ ഇരുണ്ടഘട്ടങ്ങളിലൊക്കെ തളരാതെ മുഖമുയര്‍ത്തിനിന്ന അദ്ദേഹത്തെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

ഭരണനിര്‍വഹണം ഏറെ വെല്ലുവിളികള്‍നിറഞ്ഞ കടമ്പയാണ്. അതിന് ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും കൂടിയേ കഴിയൂ. നയപരമായ തീരുമാനങ്ങളെടുക്കാനും അത് നടപ്പാക്കാനും പിണറായി വിജയനുള്ള പാടവം അസാമാന്യമാണ്. ഗെയ്ല്‍ പൈപ്പ് ലൈന്‍ മുതല്‍ ദേശീയപാതാവികസനംവരെയുള്ള കാര്യങ്ങളില്‍ അത് കേരളത്തിന് ബോധ്യപ്പെട്ടതുമാണ്. പ്രവാസിസഹോദരങ്ങള്‍ കോവിഡിന്റെ തീക്ഷ്ണതയില്‍ ഉഴലുമ്പോള്‍ അവരെ തിരിച്ചെത്തിക്കണമെന്ന് ആദ്യമായി ശബ്ദമുയര്‍ത്തിയത് അദ്ദേഹമാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഇവിടെവന്ന് അധ്വാനിക്കുന്ന തൊഴിലാളികളെ അതിഥിതൊഴിലാളികള്‍ എന്നുവിശേഷിപ്പിച്ച് അവര്‍ക്ക് കോവിഡ് കാലത്ത് സംരക്ഷണം നല്‍കി. നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ നടത്തി. പൊതുവിതരണ സംവിധാനത്തിലൂടെ സാമ്പത്തികഭേദമെന്യേ എല്ലാവര്‍ക്കും ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി. എന്നും വൈകീട്ട് മുഖ്യമന്ത്രി നടത്തുന്ന വിശദീകരണം കേള്‍ക്കാന്‍ കേരളം കാതോര്‍ത്തുനിന്നു. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന സന്ദേശമാണത് നല്‍കിയത്.

നവകേരള നിര്‍മിതിയുടെ തയ്യാറെടുപ്പുകള്‍ക്കിടയിലാണ് മഹാമാരിയെത്തിയത്. നമ്മുടെ സമ്പദ്ഘടനയെയും ജീവിതത്തെയും അത് പിടിച്ചുലച്ചിരിക്കുന്നു. പ്രവാസിസഹോദരങ്ങള്‍ പലരും നാട്ടിലേക്ക് തിരിച്ചുവരുകയാണ്. കോവിഡ് രോഗികള്‍ കൂടിവരുന്നു. ഉറച്ചമനസ്സോടെ വെല്ലുവിളികള്‍ തരണംചെയ്ത് മുന്നേറേണ്ട സന്ദര്‍ഭം. മുന്നില്‍നിന്ന് നയിക്കാന്‍ സഖാവ് പിണറായി ഉണ്ട്… അഞ്ചാംവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം സഖാവ് പിണറായി വിജയന് ജന്മദിനാശംസകള്‍…

pathram:
Leave a Comment