പോലീസിന്റെ ആപ്പിന് പൊല്ലാപ്പ് എന്ന് പേരിട്ടു,,,!!!! പോലീസിന്റെ മറുപടി ഇങ്ങനെ…

ബെവ് ക്യു ആപ്പിന്റെ പേരിൽ സർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും ‘ആപ്പിലായിരിക്കെ’ പുതിയൊരു ആപ്പുമായി കേരള പൊലീസ് എത്തുന്നു. പൊലീസിന്റെ ഓൺലൈൻ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കുന്ന ആപ്പിന് പേരിടാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുകയാണ് കേരളത്തിന്റെ പോലീസ്. എന്നാൽ പേരിടാൻ ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിൽ ‘ബെവ് ക്യു’ ആപ്പ് എന്ന് വരും എന്നാണ് പൊതുജനം ചോദിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ..
‘ആപ്പിന് പേരിടാമോ? കേരളാപോലീസിൻ്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് പുതിയൊരു മൊബൈൽ ആപ് തയ്യാറാക്കുക്കുകയാണ്. പ്രസ്തുത ആപ്പിന് അനുയോജ്യമായ ഒരു പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. മികച്ച പേര് നിർദ്ദേശിക്കുന്നയാൾക്ക് സംസ്ഥാന പോലീസ് മേധാവി പാരിതോഷികം നൽകും. എൻട്രികൾ 2020 മെയ് 31നു മുൻപ് cctns.pol@kerala.gov.in എന്ന ഈ മെയിൽ വിലാസത്തിൽ അയയ്ക്കുക’ ഈ കുറിപ്പ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ കേരള പൊലീസ് പങ്കു വച്ചതോടെ ആപ്പിന് പേരിടാൻ പൊതുജനങ്ങളുടെ തിക്കും തിരക്കുമായി.

‘പോലീസിന്റെ പോല് –ഉം ആപ്പും ചേർത്ത് പൊല്ലാപ്പ് എന്നിട്ടാലോ’,‌ എന്നായിരുന്നു ഒരാളുടെ കമൻറ്.
എങ്ങനെയാണ് ഈ പേര് വന്നതെന്നും ഇദ്ദേഹം വിവരിക്കുന്നുണ്ട്. പൊലീസിന്റെ ‘പോല്ഉം’ ‘ആപ്പ്ന്റെ’ ആപ്പും ചേർന്നാണ് പൊല്ലാപ്പ് വന്നത്.
മറുപടിയുമായി താമസിക്കാതെ തന്നെ പൊലീസും രം​ഗത്തെത്തി…

നിന്റെ ഈ കൊച്ച് തലയ്ക്കകത്ത് ഇത്രയ്ക്കും വിവരമുണ്ടെന്ന് അറിഞ്ഞില്ല’എന്നായിരുന്നു പൊലീസിന്റെ മറുപടി.

കൂടാതെ.. ‘വിട്ടു കളയണം.. ന്നായാലോ… സേവനം ചോദിച്ചു കിട്ടിയില്ലേൽ പേര് വെച്ച് രക്ഷപ്പെടാലോ’, ‘Copp – കോപ്പ്’, ‘വേണേൽ bevq എന്നു ഇട്. അങ്ങനെ എങ്കിലും അത്‌ ഡൌൺലോഡ് ചെയ്യാമല്ലോ’, ‘മറ്റേ ആപ്പ് കിട്ടിയിട്ട് രണ്ടെണ്ണം അടിച്ചാൽ മാത്രമേ പുതിയ എന്തെങ്കിലും പറയാൻ പറ്റൂ ഇപ്പോൾ അതാണ് അവസ്‌ഥ’ ഇങ്ങനെ കമന്റുകൾ നിരവധിയാണ് പോസ്റ്റിനു താഴെ വരുന്നത്. എല്ലാത്തിനും രസകരമായ മറുപടികളും കേരള പൊലീസ് നൽകുന്നുണ്ട്.

പക്ഷേ പേരിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തന്നെയാണ്.

മദ്യവിൽപനയ്ക്കായി ഒരുക്കിയ ആപ്പ് ഇതുവരെ ശരിയാകാത്തതിന്റെ വിഷമവും ദേഷ്യവുമൊക്കെ ആളുകൾ കേരള പൊലീസിന്റെ പേജിലും ത‌ീർക്കുന്നുണ്ട്. ആ ആപ്പിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയിട്ടു മതി ഇനി പുതിയ ആപ്പെന്നാണ് ആളുകളുടെ പക്ഷം‌.

pathram desk 2:
Leave a Comment