മോദി ഇതൊക്കെ കാണുന്നുണ്ടോ….? കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 5700 കോടി എത്തിക്കുന്ന പദ്ധതി

ന്യൂഡൽഹി: കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണമെത്തിക്കുന്ന 5700 കോടി രൂപയുടെ രാജീവ് ഗാന്ധി കിസാൻ ന്യായ് യോജനയ്ക്കു ഛത്തീസ്ഗഡ് സർക്കാർ തുടക്കമിട്ടു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29–ാം ചരമവാർഷിക ദിനത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.

ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്കു നേരിട്ടു പണമെത്തിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന ആവശ്യം ശക്തമാക്കിയതിനു പിന്നാലെയാണ്, സ്വന്തം സർക്കാരുള്ള സംസ്ഥാനത്ത് കോൺഗ്രസ് പദ്ധതിക്കു തുടക്കമിട്ടത്.

നെല്ല്, ചോളം കർഷകർക്കു ഏക്കറിനു 10,000 രൂപ വീതവും കരിമ്പു കർഷകർക്കു 13,000 രൂപയും നൽകും. 4 ഗഡുക്കളായാണു വിതരണം ചെയ്യുക. നടപ്പു സാമ്പത്തിക വർഷം 19 ലക്ഷം കർഷകർക്കു പദ്ധതിയിലൂടെ പണമെത്തിക്കും. 5700 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും ആദ്യ ഗഡുവിനാവശ്യമായ 1500 കോടി രൂപ ഇന്നലെ വിതരണം ചെയ്തതായും ബാഗൽ പറഞ്ഞു.

നെല്ല്, ചോളം, കരിമ്പ് എന്നിവ താങ്ങുവിലയുടെ അടിസ്ഥാനത്തിൽ കർഷകരിൽ നിന്നു സംഭരിക്കും. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ കൂടുതൽ കാർഷിക വിളകളെയും ഉൾപ്പെടുത്തും.

pathram desk 2:
Leave a Comment