ഇന്ത്യ തോറ്റപ്പോള്‍ ബംഗ്ലദേശ് ആരാധകര്‍ ‘മോക്ക മോക്ക’ പാടി പകരം വീട്ടിയ സംഭവം ഇഷ്ടമായെന്ന് നാസിര്‍ ഹുസൈന്‍

ധാക്ക: ഓസ്‌ട്രേലിയയില്‍ 2015ല്‍ നടന്ന ഏകദിന ലോകകപ്പിന്റെ സമയത്ത് വളരെ ജനപ്രീതി നേടിയ പരസ്യ ക്യാംപയിനായിരുന്നു ‘മോക്ക മോക്ക’. ലോകകപ്പിലെ ഇന്ത്യപാക്കിസ്ഥാന്‍ പോരാട്ടത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ‘മോക്ക മോക്ക’ പരസ്യം ഇന്ത്യന്‍ ആരാധകര്‍രെ ആവേശത്തില്‍ ആഴ്ത്തുന്നതായിരുന്നെങ്കിലും എതിര്‍ ടീമുകള്‍ക്കും ആരാധകര്‍ക്കും അതത്ര സുഖകരമായ ഓര്‍മയായിരുന്നില്ല. പാക്കിസ്ഥാനെ ലക്ഷ്യമിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീട് ബംഗ്ലദേശ് ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കെതിരെയും ഇതേ ക്യാംപയിന്‍ ആവര്‍ത്തിക്കപ്പെട്ടു. ഇന്ത്യന്‍ വിജയങ്ങള്‍ ‘മോക്ക മോക്ക’ വിളികളോടെ ആഘോഷിക്കുന്ന ആരാധകരും അന്നത്തെ സ്ഥിരം കാഴ്ചയായിരുന്നു.

അതേസമയം, ഇതേ ക്യാംപയിന്‍ ഇന്ത്യയെ തിരിച്ചടിച്ച അനുഭവങ്ങളുമുണ്ട്. 2015ലെ ഏകദിന ലോകകപ്പിനു പിന്നാലെ ബംഗ്ലദേശില്‍ പര്യടനത്തിനെത്തിയ ഇന്ത്യയെ ബംഗ്ലദേശ് 21ന് അട്ടിമറിച്ചപ്പോള്‍ ബംഗ്ലദേശ് ആരാധകര്‍ ‘മോക്ക മോക്ക’ പാടി പകരം വീട്ടിയ അനുഭവം പങ്കുവയ്ക്കുകയാണ് ബംഗ്ലദേശ് താരം നാസിര്‍ ഹുസൈന്‍. അന്ന് തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റ് ഇന്ത്യന്‍ താരങ്ങള്‍ പവലിയനിലേക്കു മടങ്ങുമ്പോള്‍ ബംഗ്ലദേശ് ആരാധകര്‍ ഗാലറിയിലിരുന്ന് ‘മോക്ക മോക്ക’ എന്നുറക്കെ പാടിയിരുന്നു. അതു വളരെ സന്തോഷം പകരുന്ന കാഴ്ചയായിരുന്നുവെന്ന് നാസിര്‍ ഹുസൈന്‍ വ്യക്തമാക്കി.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോറ്റ് തലകുനിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഗാലറിയില്‍ ആരാധകര്‍ ‘മോക്ക മോക്ക’ പാടുന്ന കാഴ്ച രസകരമായിരുന്നു’ നാസിര്‍ ഹുസൈന്‍ പറഞ്ഞു.

2015ല്‍ ലോകകപ്പിനു പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബംഗ്ലദേശില്‍ പര്യടനം നടത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 79 റണ്‍സിന് തോല്‍പ്പിച്ച ബംഗ്ലദേശ്, രണ്ടാം മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറു വിക്കറ്റ് വിജയം കൂടി നേടിയാണ് പരമ്പര സ്വന്തമാക്കിയത്. പരമ്പര കൈവിട്ടെങ്കിലും മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 77 റണ്‍സിന് ജയിച്ചു. ഇതില്‍ ആദ്യ മത്സരത്തില്‍ വിരാട് കോലിയുടെ വിക്കറ്റെടുത്തത് നാസിര്‍ ഹുസൈനായിരുന്നു. 27 പന്തില്‍ 23 റണ്‍സെടുത്ത കോലിയെ ഹുസൈന്‍ എല്‍ബിയില്‍ കുരുക്കിയെങ്കിലും അംപയറിന്റെ തീരുമാനത്തില്‍ തൃപ്തിയില്ലാതെയാണ് കോലി മടങ്ങിയത്

pathram:
Leave a Comment