ഇപ്പോഴാണെങ്കില്‍ നമ്മുക്കൊരു 4000 റണ്‍സ് കൂടി അധികം നേടാമായിരുന്നുവെന്ന്.. സച്ചിന്‍-ഗാംഗുലി ചര്‍ച്ച

ഏകദിനത്തില്‍ സച്ചിന്‍- ഗാംഗുലി കൂട്ടുകെട്ടിനോളം ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ മറ്റൊരു കൂട്ടുകെട്ടുണ്ടാകുമോ? ചരിത്രം കുറിച്ച എത്രയോ ഇന്നിങ്‌സുകള്‍ക്കാണ് ആ വലംകൈ–ഇടംകൈ കൂട്ടുകെട്ട് അടിത്തറയിട്ടത് 176 ഏകദിന ഇന്നിങ്‌സുകളില്‍നിന്ന് 47.55 ശരാശരിയില്‍ ഇരുവരും അടിച്ചെടുത്ത 8227 റണ്‍സ് ഇന്നും ലോക റെക്കോര്‍ഡാണ്. മറ്റൊരു കൂട്ടുകെട്ടും ഇതുവരെ 6,000 റണ്‍സ് പോലും പിന്നിട്ടിട്ടില്ലെന്നും ഓര്‍ക്കണം. ഇത്രയൊക്കെയായിട്ടും ഇരുവരുടെയും റണ്‍ദാഹം തീര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഒരു സംഭാഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഇപ്പോഴത്തെ ഫീല്‍ഡിങ് ക്രമീകരണങ്ങളും നിയമങ്ങളുമായിരുന്നു അന്നെങ്കില്‍ ഒരു 4000 റണ്‍സ് കൂടി അധികം നേടാമായിരുന്നുവെന്നാണ് ഇരുവരും ഉറച്ചു വിശ്വസിക്കുന്നത്.

ഇരുവരുടെയും കൂട്ടുകെട്ടിനെ അനുമോദിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു അഭിനന്ദന ട്വീറ്റാണ് ‘ഇരുവരുടെയും റണ്‍ദാഹം ഇനിയും തീര്‍ന്നിട്ടില്ലെന്ന സത്യം പുറത്തുകൊണ്ടുവന്ന’ത്. ഇരുവരുടെയും റെക്കോര്‍ഡ് നേട്ടത്തിന്റെ വെളിച്ചത്തില്‍ ഐസിസിയുടെ ട്വീറ്റ് ഇങ്ങനെ:

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ + സൗരവ് ഗാംഗുലി ഏകദിനത്തില്‍:

കൂട്ടുകെട്ടുകള്‍: 176

റണ്‍സ്: 8227

ശരാശരി: 47.55

ഏകദിനത്തില്‍ മറ്റൊരു കൂട്ടുകെട്ടും 6000 റണ്‍സ് പോലും പിന്നിട്ടിട്ടില്ല

ഐസിസിയുടെ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സച്ചിനാണ് ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ:

‘ഇത് (ഐസിസിയുടെ ട്വീറ്റ്) ദാദയുമൊത്തുള്ള സുന്ദരമായ നിമിഷങ്ങള്‍ മനസ്സില്‍ നിറയ്ക്കുന്നു.

റിങ്ങിനു പുറത്ത് പരമാവധി നാലു ഫീല്‍ഡര്‍മാരും രണ്ട് ന്യൂബോളിനും അനുമതിയുണ്ടെന്നിരിക്കെ ഇന്നാണെങ്കില്‍ നമുക്ക് എത്ര റണ്‍സ് കൂടി നേടാമായിരുന്നുവെന്നാണ് താങ്കള്‍ക്ക് തോന്നുന്നത്?’ ഗാംഗുലിയെ ടാഗ് ചെയ്ത് സച്ചിന്‍ കുറിച്ചു.

ഉടനെത്തി ഗാംഗുലിയുടെ മറുപടി:

‘ഇനിയും 4000ല്‍ കൂടുതല്‍ റണ്‍സ് തീര്‍ച്ചയായും നേടാമായിരുന്നു. രണ്ട് ന്യൂബോള്‍.. മത്സരത്തിലെ ആദ്യ ഓവറില്‍ത്തന്നെ കവര്‍ െ്രെഡവിലൂടെ ഒരു പന്ത് ബൗണ്ടറി കടക്കുന്നതുപോലെ തോന്നുന്നു. ബാക്കി 50 ഓവറോ ഗാംഗുലി കുറിച്ചു.

ന്യൂബോളിന്റെ കാര്യത്തിലും ഫീല്‍ഡിങ് ക്രമീകരണത്തിലും വന്ന മാറ്റങ്ങള്‍ ഇപ്പോഴത്തെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സഹായകമാണെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും ട്വീറ്റ്. മുന്‍പ് ഒരു ന്യൂബോളുമായിട്ടാണ് ബോളിങ് ടീം കളിച്ചിരുന്നത്. പഴകുമ്പോള്‍ മറ്റൊന്നുകൂടി എടുക്കുന്നതായിരുന്നു പതിവ്. ഇപ്പോഴാണെങ്കില്‍ രണ്ട് ന്യൂബോളുകള്‍ ഉപയോഗിച്ചാണ് ബോളിങ്. മാത്രമല്ല, ഫീല്‍ഡിങ് ക്രമീകരണത്തിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് സഹായകമാകുന്ന മാറ്റങ്ങള്‍ പലതും വന്നു. പവര്‍പ്ലേയുടെ വരവോടെയാണ് ക്രമീകരണങ്ങള്‍ അടിമുടി മാറിയത്.

ക്രിക്കറ്റ് നിയമങ്ങളില്‍ വന്ന മാറ്റങ്ങള്‍ ഇപ്പോഴത്തെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വളരെയധികം സഹായകമാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഇടയ്ക്കിടെ ഉയരുന്നതാണ്. മുന്‍കാലങ്ങളിലെ താരങ്ങളെ ഇപ്പോഴത്തെ താരങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ചോദ്യങ്ങള്‍ ഉയരുമ്പോഴും ക്രിക്കറ്റ് നിയമങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളും ചര്‍ച്ചയാകാറുണ്ട്. മുന്‍പത്തെ ബോളര്‍മാരോളം മികവില്ലാത്തവരാണ് ഇപ്പോഴത്തെ ബോളര്‍മാരെന്ന വാദത്തോളം തന്നെ ശക്തമാണ് നിയമങ്ങളില്‍ വന്ന മാറ്റവും. ഇതിനിടെയാണ് ‘ഇന്നാണെങ്കില്‍ ഒരു 4000 റണ്‍സ് കൂടി കൂടുതല്‍ നേടാമായിരുന്നുവെന്ന’ സച്ചിന്റെയും ഗാംഗുലിയുടെയും അഭിപ്രായ പ്രകടനം

pathram:
Leave a Comment