‘എന്റെ സ്വീറ്റ് ചലഞ്ച്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍

തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്തും അതിന് ശേഷമുള്ള നിയന്ത്രണങ്ങളിലും വിരസതയിലായിപ്പോകാന്‍ കൂടുതല്‍ സാധ്യതയുള്ള കൗമാര പ്രായക്കാരുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി ‘എന്റെ സ്വീറ്റ് ചലഞ്ച്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. സ്‌റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ നേതൃത്യത്തില്‍ ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയുമായി സഹകരിച്ചാണ് സോഷ്യല്‍ മീഡിയ ക്യാമ്പയിനിന് തുടക്കം കുറിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കാമ്പയിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു.

കൗമാരപ്രായക്കാരായ കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട മധുരമുള്ള ഒരു വിഭവം തയാറാക്കുന്നത് 30 സെക്കന്റുള്ള വീഡിയോ ആക്കി അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എന്റെ സ്വീറ്റ് ചലഞ്ച് എന്ന ഹാഷ് ടാഗോട് കൂടി പോസ്റ്റ് ചെയ്യാം. ഒപ്പം അവരുടെ കൂട്ടുകാരെ ചലഞ്ച് ചെയ്യാം. പിന്നീട് പുതിയ പുതിയ രസകരമായ ചലഞ്ചുകളും നല്‍കുന്നതാണ്. കൗമാരക്കാരുടെ ഉള്ളിലെ സര്‍ഗാത്മകത തിരിച്ചറിയാനും മാനസികാരോഗ്യം നിലനിര്‍ത്താനും വിരസത അകറ്റാനും അനാരോഗ്യകരമായ പ്രവണതകളിലേക്ക് വഴിമാറി പോകാതെയിരിക്കാനുമുള്ള അവസരം ഒരുക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. കിരണ്‍, സ്‌റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ സുജ എന്നിവര്‍ പങ്കെടുത്തു.

pathram:
Leave a Comment