2.2 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോര്‍ന്നു, എത്രയും വേഗം പാസ്‌വേഡ് മറ്റണമെന്ന് നിർദ്ദേശം

2.2 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോര്‍ന്ന തായി ഞെട്ടിക്കുന്ന റിപ്പോർട്ട്.
ഇന്ത്യയുടെ ഏറ്റവും വിപുലമായ പഠന പ്ലാറ്റ്‌ഫോമായ അണ്‍അക്കാഡമിയുടെ (Unacademy) ഡേറ്റാബെയ്‌സ് ചോര്‍ന്നതായാണ്‌ റിപ്പോർട്ട്.പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന 2.2 കോടി ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡാര്‍ക്‌വെബില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണെന്ന് അമേരിക്കന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ സൈബ്ള്‍ (Cyble) വെളിപ്പെടുത്തി. വിപ്രോ, ഇന്‍ഫോസിസ്, കോഗ്നിസന്റ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളിലെ ജോലിക്കാര്‍ മുതല്‍ കോഗ്നിസന്റിനായി പണം മുടക്കിയിരിക്കുന്ന ഫെയ്‌സ്ബുക്കിന്റെ ജോലിക്കാര്‍ വരെയുള്ളവരെക്കുറിച്ചുള്ള വിവരങ്ങളാണ് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്.

ഈ വര്‍ഷം ജനുവരിയിലാണ് കമ്പനിയിലേക്ക് കടന്നുകയറ്റം നടന്നത്. കോണ്ടാക്ടുകള്‍ വില്‍പ്പനയ്ക്കു വന്നത് മെയ് 3 നാണ്. 2,000 ഡോളറാണ് ഇട്ടിരിക്കുന്ന വില. ഉപയോക്താക്കളുടെ യൂസര്‍നെയിം, ഇമെയില്‍ അഡ്രസ്, പാസ്‌വേഡ്, ചേര്‍ന്ന ദിവസം, അവസാനം ലോഗിന്‍ ചെയ്തത് എന്ന്, അക്കൗണ്ട് പ്രൊഫൈല്‍, അക്കൗണ്ട് സ്റ്റാറ്റസ് തുടങ്ങിയവ അടക്കമാണ് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നതെന്ന് സൈബ്ള്‍ പറയുന്നു.

കമ്പനിക്കുള്ളില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് 1.1 കോടി ഉപയോക്താക്കളുടെ ഇമെയില്‍ അഡ്രസ് ചോര്‍ന്നു എന്നാണെന്ന് അണക്കാഡമിയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഉദ്യോഗസ്ഥനുമായ ഹെമേഷ് സിങ് പറഞ്ഞു. തങ്ങളുടെ വെബ്‌സൈറ്റല്‍ 1.1 കോടി ഇമെയില്‍ ഡേറ്റയെ ഉള്ളു. ഇതിനാലാണ് ഇത് പറയുന്നതെന്നും ഹെമേഷ് പറഞ്ഞു. ഈ സാഹചര്യം തങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഒരാളുടെയും സ്വകാര്യ വിവരങ്ങള്‍ പുറത്തായിട്ടില്ലെന്നും ഹെമേഷ് അവകാശപ്പെട്ടു. ആരുടെയും പൈസ അടച്ച വിവരങ്ങളോ, ലൊക്കേഷന്‍ വിവരങ്ങളോ പുറത്തായിട്ടില്ലെന്ന് തങ്ങളുടെ ഉപയോക്താക്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹെമേഷ് പറയുന്നു.

ഹാക്കര്‍മാര്‍ ഇപ്പോള്‍ യൂസര്‍ റെക്കോഡ്‌സ് മാത്രമാണ് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത് എന്നാണ് സൈബ്ള്‍ പറയുന്നത്. പക്ഷേ, അവരുടെ കൈയ്യില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടാകാം. അണ്‍അക്കാഡമിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും എത്രയും വേഗം സൈറ്റില്‍ ഉപയോഗിക്കുന്ന പാസ്‌വേഡ് മാറ്റണമെന്നാണ് സൈബ്ള്‍ പറയുന്നത്.

pathram desk 2:
Leave a Comment