തമന്നയും പാക്ക് താരം റസാഖും വിവാഹിതരാകുന്നോ? സത്യം ഇതാണ്…

ടെന്നിസ് താരം സാനിയ മിർസയ്ക്കു പിന്നാലെ ഒരു ഇന്ത്യൻ താരം കൂടി പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തെ വിവാഹം കഴിക്കുന്നോ? പ്രശസ്ത ബോളിവുഡ് താരം തമന്ന ഭാട്യയുടെ പേര് ഒരു പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായി ചേർത്ത് പ്രചരിക്കപ്പെടുന്നതിന്റെ യാഥാർഥ്യമെന്താണ്? തമന്നയും പാക്കിസ്ഥാന്റെ മുൻ ഓൾറൗണ്ടർ അബ്ദുൽ റസാഖും വിവാഹിതരാകുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇരുവരുമൊത്ത് ഒരു സ്വർണക്കടയിൽനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പ്രസ്തുത വാർത്ത പ്രചരിച്ചത്.

ഇനി, എന്താണ് ഈ വാർത്തയുമായി ബന്ധപ്പെട്ട വസ്തുത? 2013ലാണ് അബ്ദുൽ റസാഖും തമന്നയും വിവാഹിതരാകുന്നു എന്ന വാർത്ത ആദ്യമായി പ്രചരിക്കപ്പെടുന്നത്. ആയിടയ്ക്ക് ഒരു സ്വർണക്കടയുടെ ഉദ്ഘാടനത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോഴെടുത്ത ചിത്രം സഹിതമായിരുന്നു ഇത്. പിന്നീട് 2017ലും ഇതേ വാർത്ത വ്യാപകമായി പ്രചരിച്ചു. വിവാഹത്തിനുവേണ്ടി ഇരുവരും സ്വർണമെടുക്കുന്നു എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിക്കപ്പെട്ടത്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കും വിവാഹിതരായതുപോലെ തമന്നയും അബ്ദുൽ റസാഖും രാജ്യത്തിന്റെ അതിർത്തികൾ ഭേദിച്ച് വിവാഹിതരാകുന്നു എന്നുവരെ പ്രചാരണമുണ്ടായി.

പിന്നീട് തമന്നയും യുഎസിൽ പ്രവർത്തിക്കുന്ന ഒരു ഡോക്ടറും തമ്മിൽ വിവാഹിതരാകുന്ന എന്ന രീതിയിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുമ്പോൾ ക്ഷുഭിതയായ തമന്നയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:

‘ഒരു നടനുമായി ചേർത്താണ് ആദ്യം എന്റെ വിവാഹവാർത്ത കേട്ടത്. പിന്നീട് ഒരു ക്രിക്കറ്റ് താരമായി. ഇപ്പോഴിതാ ഒരു ഡോക്ടറും. ഈ അഭ്യൂഹങ്ങളെല്ലാം കണ്ടാൽ ഞാൻ ഭർത്താവിനെ കണ്ടെത്താനായി പരക്കം പായുകയാണെന്ന് തോന്നും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടമാണെങ്കിലും ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകളെ പ്രോത്സാഹിപ്പിക്കാനാകില്ല.’ – തമന്ന അന്നു പറഞ്ഞു. അതേസമയം, പഴയ ചിത്രം സഹിതം ഇപ്പോൾ ഈ അഭ്യൂഹങ്ങൾ എവിടെനിന്നാണ് വരുന്നതെന്ന് വ്യക്തമല്ല.

pathram desk 2:
Related Post
Leave a Comment