ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കാലം ചെയ്തു

തൊടുപുഴ : ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ (78) കാലം ചെയ്തു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍വച്ചു പുലര്‍ച്ചെ 1.38 നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്.

മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മെത്രാഭിഷേകവും ഇടുക്കി രൂപതാ ഉദ്ഘാടനവും ഒന്നിച്ചാണു നടന്നത്. മലയോര ജനതയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ച മെത്രാന്‍ വിദ്യാസമ്പന്നവും നേതൃത്വപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതില്‍ ജാഗ്രതയോടെ പരിശ്രമിച്ചു. ഇന്നു 150ല്‍ അധികം ഇടവകകളും 198 വൈദികരും രൂപതയ്ക്കു സ്വന്തമായുണ്ട്. 2018 മാര്‍ച്ചിലാണ് ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതാ അജപാലന ദൗത്യത്തില്‍ നിന്നു മാര്‍ ആനക്കുഴിക്കാട്ടില്‍ വിരമിക്കുന്നത്.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമര കാലത്തും, പട്ടയ പ്രശ്‌നങ്ങളിലും ജില്ലയിലെ ഭൂപ്രദേശങ്ങള്‍ക്കും വികസനങ്ങള്‍ക്കും ഒപ്പം സഞ്ചരിച്ച ഇടയനാണ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരിയായിരുന്നു. 1971 മാര്‍ച്ച് 15 ന് കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയില്‍ മാര്‍ മാത്യു പോത്തനാംമൂഴിയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ അസി. വികാരിയായാണ് ആദ്യ നിയമനം.

തുടര്‍ന്ന് ജോസ്ഗിരി, ചുരുളി, എഴുകുംവയല്‍പള്ളികളില്‍ വികാരിയായി. പിന്നീട് ബല്‍ജിയം ലൂവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം. പിന്നീട് കോതമംഗലം രൂപതാ ചാന്‍സലര്‍. 2003ല്‍ മൈനര്‍ സെമിനാരിയുടെ റെക്ടറായിരിക്കെയാണ് ഇടുക്കി ബിഷപായി അഭിഷിക്തനാകുന്നത്. 15 വര്‍ഷം ഇടുക്കിയിലെ ആത്മീയ സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടില്‍ ലൂക്കാഏലിക്കുട്ടി ദമ്പതികളുടെ 15 മക്കളില്‍ മൂന്നാമനാണ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.

pathram:
Leave a Comment