സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്ന് തോമസ് ഐസക്; ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും നല്‍കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൃത്യം നാലാം തിയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമായിരിക്കും ശമ്പളം നല്‍കുക. അതിന് ശേഷം മറ്റുള്ളവര്‍ക്കും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

സര്‍ക്കാരിന് ഇഷ്ടമുണ്ടായിട്ടല്ല ശമ്പളം മാറ്റിവെക്കുന്നത്. ജീവനക്കാരുടെ ഒരു ആനുകൂല്യവും വാങ്ങിവെക്കണമെന്ന് സര്‍ക്കാരിന് യാതൊരു താത്പര്യവുമില്ല. ശമ്പളം കട്ട് ചെയ്യുന്നില്ല. മാറ്റിവെക്കുകയാണ് ചെയ്യുന്നത്. അത് തിരിച്ചുനല്‍കും. അങ്ങനെ ചെയ്യാനെ സാധിക്കൂ. നിലവിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ എല്ലാവരും ഇതിനോട് യോജിക്കുകയാണ് വേണ്ടിയിരുന്നതെന്നും ഐസക് പറഞ്ഞു.

‘ഇതില്‍നിന്നു പിന്തിരിയുന്നവരെ ജനം ഒറ്റപ്പെടുത്തുകയേ ഉള്ളൂ. രാഷ്ട്രീയ ദുര്‍വാശി ഈ കാലത്ത് നന്നല്ല. ഓര്‍ഡിനന്‍സ് ഒപ്പിട്ടതോടെ സര്‍ക്കാര്‍ വിജയിച്ചെന്നും കരുതുന്നില്ല. ആരോടും പ്രതികാരമില്ല. ചെയ്യാന്‍ നിവൃത്തിയില്ലാത്ത ഒരു സാഹചര്യമായാതിനാലാണ് ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കുന്നത്. കോടതി നിയമപരമല്ലെന്ന് പറഞ്ഞു, ഇപ്പോള്‍ അത് നിയമപരമാക്കി മാറ്റി. ഗവര്‍ണറെ കുറിച്ച് സര്‍ക്കാരിന് ഒരു അവിശ്വാസവും ഇല്ല. അതെല്ലാം തെറ്റിദ്ധാരണയാണ്. കേരള സര്‍ക്കാര്‍ ഒരിക്കല്‍ പോലും ഗവര്‍ണറോട് അപമര്യാദയായി പെരുമാറിയിട്ടില്ല.’ ഐസക് പറഞ്ഞു.

സാലറി ചലഞ്ച് സംബന്ധിച്ച് പ്രതിപക്ഷ സംഘടനകളോട് മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിരുന്നു. അവര്‍ വേണ്ടെന്ന് വെച്ചതോടെയാണ് സാലറി ചാലഞ്ചിന് പകരം ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. മാറ്റിവെക്കുന്ന ശമ്പളം എപ്പോള്‍ തിരിച്ചുനല്‍കുമെന്നാണ് ഇപ്പോള്‍ പ്രതിക്ഷ നേതാവിന് അറിയേണ്ടത്. എങ്ങനെയാണ് ഈ സാഹചര്യത്തില്‍ അത്തരമൊരു കൃത്യ തിയതി പറയാനാവുക എന്നും കോവിഡ് എത്രകാലം നീണ്ടു നില്‍ക്കുമെന്ന് ആര്‍ക്കാണ് അറിയുക എന്നും ഐസക് ചോദിച്ചു.

ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കുന്നതിലൂടെ 2500 കോടിയോളം രൂപ ആറ് മാസത്തില്‍ സര്‍ക്കാരിന് ലഭിക്കും. ജനങ്ങള്‍ ഈ കാലയളവില്‍ നിരവധി സഹായം ചെയ്യാനാണ് ഈ പണം ഉപയോഗിക്കുക.കോവിഡ് ദുരിതാശ്വാസത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഇത് ഉപയോഗിക്കില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

അയ്യായിരം കോടി രൂപ ജിഎസ്ടി വരുമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുണ്ട്. ഈ സമയത്ത് പോലും കേന്ദ്ര സര്‍ക്കാര്‍ ഈ പണം നല്‍കുന്നില്ല. വല്ലാത്തൊരു മാനസികാവസ്ഥയാണവര്‍ക്കെന്നും ധനമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവരുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകിയിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നിന്നൊക്കെ ബസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ആളുകളെ കൊണ്ടുവരണമെന്നാണ് കേന്ദ്രം പറയുന്നത്. ഏറ്റവും അഭികാമ്യമായിരുന്ന ട്രെയിന്‍ വേണ്ടെന്നുവെച്ചത് എന്തിനാണെന്നും ഐസക് ചോദിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെച്ച് കേന്ദ്രം കൈകഴുകിയിരിക്കുകയാണ്. എന്നാല്‍ മലയാളി എവിടെ ഉണ്ടെങ്കിലും കേരള സര്‍ക്കാര്‍ അവരെ കൊണ്ടുവരുമെന്നും തോമസ് ഐസക് പറഞ്ഞു.

pathram:
Related Post
Leave a Comment