ലോക്ഡൗണിനിടെ കേരളത്തില്‍ ഒരു ട്രെയിന്‍ എത്തി

ലോക്ഡൗണിനുശേഷം വടക്കേ ഇന്ത്യയില്‍നിന്ന് ആദ്യമായി കേരളത്തിലേക്ക് ഒരു ട്രെയിന്‍ എത്തി. ഈ ട്രെയിന്‍ മടങ്ങിയത് മറുനാടന്‍ മലയാളികള്‍ക്കുള്ള കപ്പയും തേങ്ങയും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുമായി ആണ്. ഗോവയ്ക്കും ഗുജറാത്തിനുമാണ് ഇവ പ്രധാനമായും കയറ്റിപ്പോയത്. അടച്ചിടല്‍ തുടങ്ങിയശേഷം ആദ്യമായാണ് കപ്പയും തേങ്ങയും കേരളം കടക്കുന്നത്. എട്ട് ടണ്ണോളം ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കയറ്റിവിട്ടത് തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ഓഖയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ പാര്‍സല്‍ ട്രെയിന്‍ രാത്രി ഒമ്പതിനാണ് ഓഖയ്ക്ക് മടങ്ങിയത്. കുമ്പളങ്ങ, മത്തങ്ങ, ചേന, ചേമ്പ്, കാച്ചില്‍, ഏത്തയ്ക്ക, കൂര്‍ക്ക തുടങ്ങിയവയും പാര്‍സലായി പോയിട്ടുണ്ട്. തീവണ്ടിഗതാഗതം ഉണ്ടായിരുന്നപ്പോള്‍ പല തീവണ്ടികളിലായി ഇത്തരം സാധനങ്ങള്‍ കയറ്റിപ്പോകാറുണ്ടായിരുന്നു.

മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ നടത്തുന്ന കടകളിലേക്കാണ് പച്ചക്കറികള്‍ പോവുന്നത്. ഗോവ കൂടാതെ അഹമ്മദാബാദ്, ജാംനഗര്‍, ബറോഡ എന്നിവിടങ്ങളിലേക്കാണ് തൃശ്ശൂരില്‍നിന്നുള്ള പച്ചക്കറികള്‍ പോവുന്നത്. കോവിഡ്പ്രശ്‌നം ഏറെ ബാധിക്കാത്തതിനാലാണ് ഗോവയിലേക്ക് സാധനങ്ങള്‍ കയറ്റിപ്പോവാന്‍ കാരണം. ഗോവയേക്കാള്‍ അളവില്‍ സാധനങ്ങള്‍ ഗുജറാത്തിലേക്ക് മുമ്പ് പോയിരുന്നു. എന്നാല്‍, ഈ സംസ്ഥാനത്ത് കോവിഡ് വലിയതോതില്‍ ബാധിച്ചതിനാല്‍ കടകള്‍ തുറക്കുന്നില്ല.

കേരളത്തില്‍നിന്ന് എട്ടര ക്വിന്റല്‍ മരുന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് ഈ ട്രെയിനില്‍ പോയിട്ടുണ്ട്. കൊല്ലത്തുനിന്നാണ് മരുന്ന് കൂടുതല്‍ അയച്ചത്. മംഗളൂരുവില്‍ ഇറക്കാനുള്ള മരുന്നാണിത്. വസായി റോഡ്, സൂറത്ത്, രാജ്‌ക്കോട്ട്, പന്‍വേല്‍ എന്നിവിടങ്ങളിലേക്ക് 13 കിലോ മാസ്‌കുകളും കോട്ടയത്തുനിന്ന് കയറ്റിവിട്ടു.

pathram:
Leave a Comment