സാലറി ചലഞ്ച് വേണ്ടെന്ന് വച്ചു; അഞ്ച് മാസത്തേക്ക് ശമ്പളം പിടിച്ച് പിന്നീട് മടക്കി നല്‍കാന്‍ ഉദ്ദേശം; കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍. നേരത്തേ മുമ്പോട്ട് വെച്ച സാലറി ചലഞ്ച് വേണ്ടെന്ന് വച്ചു. പകരം പിന്നീട് മടക്കി നല്‍കാനുള്ള ധാരണയില്‍ അഞ്ചു മാസത്തേക്ക് ശമ്പളം പിടിക്കാനാണ് ഉദ്ദേശിക്കുന്നത്.

എല്ലാ ജീവനക്കാര്‍ക്കും നടപടി ബാധകമാണെങ്കിലും പെന്‍ഷന്‍ കാരെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ആരോഗ്യപ്രവര്‍ത്തകരും പോലീസുമെല്ലാം നടപടിയുടെ ഭാഗമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി. പ്രളയ കാലത്തിന് പിന്നാലെ കോവിഡ് കാലത്തും സാലറി ചലഞ്ച് വലിയ വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ പല വഴികളാണ് ചര്‍ച്ച ചെയ്തത്.

പ്രളയ കാലത്തെപോലെ ഒരു മാസത്തെ ശമ്പളം പല തവണയായി പിടിക്കാനുള്ള നീക്കം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം എന്നത് മുന്നില്‍ കണ്ടാണ് ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടത്. ഇനി വരുന്ന ശമ്പളം മുതലാണ് പദ്ധതി തുടങ്ങുക. അഞ്ചു മാസത്തേക്ക് നടപടി തുടരും. സര്‍ക്കാരിന്റെ സാമ്പത്തീക സ്ഥിതി മെച്ചപ്പെടുമ്പോള്‍ തിരികെ നല്‍കും.

ഇതോടൊപ്പം മന്ത്രിമാരുടെയും എംഎല്‍എ മാരുടെയും ബോര്‍ഡ് കാര്‍പ്പറേഷന്‍ തലവന്മാരുടെയും ശമ്പളത്തില്‍ 30 ശതമാനവും പ്രതിമാസം പിടിക്കും. മറ്റ് പല സംസ്ഥാനങ്ങളും സാമ്പത്തീക സ്ഥിതി മെച്ചപ്പെടുത്താന്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തിട്ടും കേരളം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. അതേസമയം ഈ നീക്കത്തിനും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. സമരവുമായി നീങ്ങുമെന്നാണ് സെക്രട്ടറിയേറ്റ് അസോസിയേഷന്റെ ആദ്യ പ്രതികരണം വന്നിരിക്കുന്നത്.

അതേസമയം മുമ്പ് പരീക്ഷിച്ച സാലറി ചലഞ്ച് വീണ്ടും ചര്‍ച്ചയില്‍ എത്തിയെങ്കിലും അത് വേണ്ടെന്ന് വെച്ചു. ഒരു വിഭാഗം ജീവനക്കാര്‍ മാത്രമാണ് സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നത്. മറ്റൊരു വിഭാഗം ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരു വിഭാഗത്തില്‍ നിന്ന് മാത്രം ശമ്പളം പിടിക്കുന്ന നടപടി വേണ്ടെന്ന തീരുമാനമാണ് സാലറി ചലഞ്ച് ഒഴിവാക്കാന്‍ കാരണം.

സാലറി ചലഞ്ച് വലിയ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഐഎംഎ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് പാടില്ലെന്ന് പ്രതിപക്ഷവും പറഞ്ഞിരുന്നു. ഇതിനെല്ലാം പുറമേ ഇത്തരം ഒരു കാര്യം നടപ്പിലാക്കുമ്പോള്‍ അത് കോടതിയില്‍ നേരിടേണ്ടി വന്നേക്കാമെന്ന സാഹചര്യവും പരിഗണിച്ചു.

pathram:
Leave a Comment