രാഷ്ട്രപതി ഭവനിലും കോവിഡ്; നൂറോളം പേര്‍ ക്വാറന്റീനില്‍

ന്യൂഡല്‍ഹി: ഒരു ശുചീകരണ തൊഴലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ ക്വാറന്റീന്‍ ചെയ്തതായി റിപ്പോര്‍ട്ട്. നാലു ദിവസം മുമ്പാണ് ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും അവരുടെ കുടുബാംഗങ്ങളോടും വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മറ്റു തൊഴിലാളികളെ സെന്‍ട്രല്‍ ഡല്‍ഹിയില്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കി അവിടേക്കു മാറ്റി. ശുചീകരണ തൊഴിലാളികള്‍ ഒഴികെയുള്ളവരുടെ ഫലം നെഗറ്റീവ് ആണെന്നാണു വിവരം. രാജ്യത്ത് ഇന്ന് കോവിഡ് രോഗികളുടെ എണ്ണം 18,601 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 590 പേരാണ് ഇതുവരെ മരിച്ചത്. 2000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഡല്‍ഹിയിലാണ് മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍.

അതേസമയം ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1.7 ലക്ഷം കടന്നു. ഇതുവരെ 1,70,436 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലോകത്താകെയുള്ള കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തോട് അടുക്കുകയാണ്. നിലവില്‍ 24,81,287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 56,766 പേരുടെ നില ആശങ്കാജനകമാണ്. 6,46,854 പേര്‍ രോഗമുക്തരായി.

യുഎസില്‍ മരണസംഖ്യ 42,514 ആയി. മറ്റേത് രാജ്യത്തെക്കാളും മൂന്നിരട്ടി രോഗികളാണ് യുഎസില്‍ ഉള്ളത് – 7,92,759. ഇറ്റലിയില്‍ 24,114 പേര്‍ മരിച്ചു. 1,81,228 പേര്‍ രോഗികളുണ്ട്. സ്‌പെയ്‌നില്‍ മരണം 20,852 ആയി. രോഗികള്‍ രണ്ട് ലക്ഷം കടന്നു. നിലവില്‍ രോഗികളുടെ എണ്ണം 2,00,210 ആണ്. ഫ്രാന്‍സില്‍ മരണം 20,265 ആയി. രോഗികള്‍ 1,55,383. ബ്രിട്ടനില്‍ ആകെ മരണം 16,509 ആയി. 1,24,743 പേര്‍ രോഗബാധിതരാണ്.

pathram:
Leave a Comment