ലോക്ക് ഡൗ്ണ്‍ രണ്ടാഴ്ച കൂടി നീട്ടും; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടും. രണ്ടാഴ്ചത്തേക്കാണ് നീട്ടുക. കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്.

ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണു കരുതുന്നത്.

ഹോം മെയ്ഡ് മാസ്‌ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കോണ്‍റന്‍സില്‍ പങ്കെടുക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം യോഗത്തിന് ശേഷമുണ്ടാകും.

‘ദിവസവും 24 മണിക്കൂറും താന്‍ ലഭ്യമാണ്. ഏത് മുഖ്യമന്ത്രിക്കും എന്നോട് എപ്പോള്‍ വേണമെങ്കിലും സംസാരിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. നമ്മള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണം.’ വീഡിയോ കോണ്‍ഫറന്‍സിന് തുടക്കമിട്ടുക്കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഓരോ മുഖ്യമന്ത്രിമാര്‍ക്കും 34 മിനിറ്റാണ് സംസാരിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ മാസ്‌കിന് ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ ഹോംമെയ്ഡ് മാസ്‌കിന് പ്രചാരം നല്‍കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യന്ത്രിമാരും വീഡിയോ കോണ്‍ഫറന്‍സില്‍ ഹോംമെയ്ഡ് മാസ്‌ക് ധരിച്ചെത്തിയത്.

മുഖ്യമന്ത്രിമാരുമായുള്ള യോഗം അവസാനിച്ച ശേഷം ലോക്ക്ഡൗണിന്റെ കാര്യത്തിലും മറ്റു നിയന്ത്രണങ്ങളിലും പ്രധാനമന്ത്രി ഇന്നോ നാളെയോ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഏപ്രില്‍ 14നാണ് നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്. ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ഏപ്രില്‍ അവസാനം വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 7,400 ആയി വര്‍ധിക്കുകയും മരണം 240 ആവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

കോവിഡ് ഹോട്ട് സ്‌പോട്ടുകളെന്ന് അനുമാനിക്കുന്ന ജില്ലകളിലും സംസ്ഥാനങ്ങളിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും മറ്റുള്ള സ്ഥലങ്ങളില്‍ ഇളവ് വരുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

അതേസമയം, ഇളവുകള്‍ വരുത്തിയാലും അന്താരാഷ്ട്ര ആരോഗ്യ മാര്‍നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നുമാണ് സൂചനകള്‍. ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയേക്കുമെന്നും സൂചനകളുണ്ട്.

pathram:
Leave a Comment