ബ്രിട്ടനില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍; ഇന്നലെ മാത്രം മരിച്ചത് മലയാളി ഉള്‍പ്പെടെ 980 പേര്‍

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞദിവസം കണ്ണൂര്‍ സ്വദേശിയായ സിന്റോ എന്ന യുവാവിന്റെ മരണം ഏല്‍പിച്ച ആഘാതത്തില്‍നിന്നും മുക്തരാകും മുന്‍പേ ഇന്നലെ കൂത്താട്ടുകുളം സ്വദേശിയായ സിബി മാണിയും (50) മരിച്ചു. ഡെര്‍ബിയിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ഒരാഴ്ചയോളമായി ചികില്‍സയിലായിരുന്ന സിബി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. സംസ്‌കാരം ബ്രിട്ടനില്‍ തന്നെ നടത്തും. ഭാര്യയും രണ്ട് മക്കളുമുണ്ട്.

കൂത്താട്ടുകുളം മോളേപ്പറമ്പില്‍ കുടുംബാംഗമായ സിബി നേരത്തേ കൂത്താട്ടുകുളം മാര്‍ക്കറ്റ് റോഡില്‍ മെഡിക്കല്‍ സ്‌റ്റോര്‍ നടത്തിയിരുന്നു. വടകര സെന്റ് ജോണ്‍സ് യാക്കോബായ പള്ളി ഇടവകാംഗമായ സിബി പള്ളിയുടെ മാനേജിങ് കമ്മിറ്റി അംഗമായും മറ്റും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. എന്‍എച്ച്എസില്‍ നഴ്‌സാണ് ഭാര്യ അനു. കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മരിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് സിബി. യൂറോപ്പില്‍ മരിക്കുന്ന ഏഴാമത്തെയാളും.

ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ആശുപത്രിയിലെ മുറിയില്‍ അദ്ദേഹം ചെറുതായി നടന്നതായും വേഗം സുഖം പ്രാപിച്ചു വരുന്നതായും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. തനിക്ക് മികച്ച ചികില്‍സ നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചതായി ഡൌണിംങ് സ്ര്ടീറ്റ് വക്താവും വ്യക്തമാക്കി.

ബ്രിട്ടനില്‍ ഇന്നലെ മാത്രം വിവിധ ആശുപത്രികളില്‍ കോവിഡ് ബാധിച്ച് മരിച്ചത് 980 പേരാണ്. ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണ് ദുഃഖവെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 8958 ആയി. നഴ്‌സിങ് ഹോമുകളില്‍ മരിക്കുന്നവരുടെ എണ്ണം ഇതിനു പുറമേയാണ്. ദിവസേന ഇരുപതിനായിരത്തോളം ആളുകളെയാണ് ഇപ്പോള്‍ രാജ്യത്ത് രോഗപരിശോധനയ്ക്കു വിധേയരാക്കുന്നത്. പരിശോധന വിപുലമാക്കിയതോടെ രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. അയര്‍ലന്‍ഡില്‍ രണ്ടാഴ്ചയായി തുടരുന്ന ലോക്ഡൗണ്‍ മേയ് അഞ്ചുവരെ തുടരാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി ലിയോ വരഡേക്കര്‍ പ്രഖ്യാപിച്ചു.

pathram:
Related Post
Leave a Comment