കാല്‍കഴുകള്‍ ശുശ്രൂഷ ഇല്ല; ക്രൈസ്തവര്‍ പള്ളികളില്‍ പെസഹാ ചടങ്ങുകള്‍ ആചരിച്ചു

ഇന്ന് പെസഹാ വ്യാഴം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ ഇല്ലാതെ ക്രൈസ്തവര്‍ പള്ളികളില്‍ പെസഹാ ചടങ്ങുകള്‍ ആചരിച്ചു. സമ്പര്‍ക്ക വിലക്കുള്ളതിനാല്‍ തിരുക്കര്‍മ്മങ്ങളില്‍ നിന്ന് വിശ്വാസികള്‍ വിട്ട് നിന്നപ്പോള്‍ വൈദികരും സഹകാര്‍മ്മികരും ചേര്‍ന്നാണ് ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയത്. മിക്ക ദേവാലയങ്ങളിലും ലൈവ് സ്ട്രീമിങ്ങിലൂടെ പെസഹാ കുര്‍ബാന വിശ്വാസികള്‍ക്ക് കാണുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇത് പ്രയോജനപ്പെടുത്തി വിശ്വസികള്‍ വീടുകളിലിരുന്നാണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കാളികളായത്.

എറണാകുളം സെന്റ്‌മേരീസ് കത്തീഡ്രലില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തിയത്. പെസഹായുടെ പ്രധാനപ്പെട്ട ചടങ്ങായ കാല്‍കഴുകള്‍ ശുശ്രൂഷ ഒഴിവാക്കിയതായി നേരത്തെ തന്നെ അറിയിച്ചിരുന്നു. വിശ്വാസികള്‍ പള്ളികളിലേക്ക് എത്തരുതെന്നും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കുരിശുമരണത്തിനു മുമ്പ് ശിഷ്യന്‍മാര്‍ക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ ക്രിസ്തു ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയിരുന്നു. ഇതിന്റെ ഓര്‍മയ്ക്കായിയാണ് ദേവാലയങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തിയിരുന്നത്.

pathram:
Leave a Comment