ലോക്ഡൗണ്‍ 14ന് അവസാനിക്കുമ്പോള്‍ രാജ്യത്ത് ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷം ഈ മാസം 15ന് രാജ്യത്തിന്റെ വാതിലുകള്‍ ചെറിയതോതില്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാക്കുന്ന പദ്ധതിയെക്കുറിച്ച് കേന്ദ്ര മന്ത്രിമാരുടെ തലത്തില്‍ ചര്‍ച്ചകള്‍ സജീവമായി. ഷോപ്പിങ് മാളുകളും സിനിമാ ശാലകളുമുള്‍പ്പെടെ ജനം കൂട്ടംകൂടുന്ന സ്ഥലങ്ങള്‍ അടഞ്ഞു കിടക്കുക, ട്രെയിന്‍ യാത്രയ്ക്ക്, യാത്രയുടെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാന പരിഗണനയിലുള്ളത്. പൂര്‍ണ ലോക്ഡൗണ്‍ 14ന് അവസാനിപ്പിക്കുക, ചില നിയന്ത്രണങ്ങള്‍ തുടരുക രീതിയിലാണ് ഇപ്പോള്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. സ്ഥിതി മോശമായാല്‍ ഇതില്‍ മാറ്റം വരാം.

അതേസമയം മുടങ്ങിയ പരീക്ഷകള്‍ എങ്ങനെ നടത്തണമെന്ന ആലോചനയും നടക്കുന്നുണ്ട്. കോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷകളും പ്രവേശന നടപടികളും കഴിവതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കുക. സ്‌കൂളുകളും കോളജുകളും തുറക്കുന്നതിനെക്കുറിച്ച് 14ന് തീരുമാനിക്കും.

ആരാധനാലയങ്ങളില്‍ നിയന്ത്രണം-ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ദേവാലയങ്ങളിലും മറ്റും പതിവു പ്രാര്‍ഥനകള്‍ക്ക് ജനം എത്തുന്നതിന് നിയന്ത്രണം. അടിയന്തര ചടങ്ങുകള്‍ അനുവദിച്ചാലും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക.

യാത്രയ്ക്ക് വ്യവസ്ഥ, മാസ്‌ക്- ട്രെയിനുകളിലും ബസുകളിലും കര്‍ശന വ്യവസ്ഥകളോടെ യാത്രാനുമതി. യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വെ സ്‌റ്റേഷനിലും മെട്രോ സ്‌റ്റേഷനിലും തെര്‍മല്‍ സ്‌ക്രീനിങ് കര്‍ശനമാക്കുക. ട്രെയിനില്‍ സീറ്റ് റിസര്‍വ് ചെയ്തുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാരണം വ്യക്തമാക്കുക.

വിമാനം വൈകും- രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടനെ പൂര്‍ണതോതിലാക്കേണ്ടതില്ല. വിദേശത്തുനിന്നെത്തുന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നു വ്യവസ്ഥയുണ്ട്, പല രാജ്യങ്ങളിലും രോഗ ഭീഷണി ശക്തമാണ് – ഈ സ്ഥിതിയില്‍ തല്‍ക്കാലം യാത്രക്കാര്‍ കുറവായിരിക്കുമെന്നും വിലയിരുത്തല്‍.

ഷോപ്പിങ്, സിനിമ-ഷോപ്പിങ് മാളുകളും സിനിമാ ശാലകളും മാത്രമല്ല, അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതല്ലാത്ത കടകളും അടച്ചിടുന്നതു തുടരുക. അതീവ ഗുരുതര ഗണത്തിലുള്ള സ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കു കര്‍ശന നിയന്ത്രണം.

ഡോക്ടര്‍ വീട്ടിലേക്ക്-കോവിഡ് അല്ലാത്ത പ്രശ്‌നങ്ങളുള്ളവര്‍ മൂലം ആശുപത്രികളിലുണ്ടാകാവുന്ന തിരക്ക് ഒഴിവാക്കാന്‍, ഡോക്ടര്‍മാര്‍ വീട്ടിലെത്തി രോഗിയെ പരിശോധിക്കുന്നതിനു സൗകര്യം.

നിയന്ത്രിത തോതില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം സംസ്ഥാനങ്ങള്‍ അഭിപ്രായങ്ങള്‍ നല്‍കിത്തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇന്നത്തെ പൂര്‍ണ മന്ത്രിസഭാ യോഗത്തിലും ബുധനാഴ്ച പാര്‍ലമെന്റിലെ പ്രധാന കക്ഷിനേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയിലും ലഭിക്കുന്ന അഭിപ്രായങ്ങളും വിലയിരുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുന്നുണ്ട്.

pathram:
Related Post
Leave a Comment