രാമായണവും കണ്ട് ഇരുന്നാല്‍ പോരാ..!!! ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടത്…!!!

രാമായണവും മഹാഭാരതവും കണ്ട് ഇരിക്കുകയല്ല, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഇന്നലെ രാമായണം സീരിയല്‍ പുനഃസംപ്രേഷണം ആരംഭിച്ചതിനെ കുറിച്ചും പിന്നീട് അത് കണ്ടിരിക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജയുടെ പരമാര്‍ശം. ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിലും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡി രാജ കേന്ദ്ര ഗവണ്‍മെന്റിനെതിരേ ആഞ്ഞടിച്ചത്.

രാജയുടെ വാക്കുകള്‍ ഇങ്ങനെ….

മനസ്സു തകര്‍ക്കുന്ന കാഴ്ചകളാണ് ഡല്‍ഹിയിലും പരിസരങ്ങളിലും നിന്ന് വന്നുകൊണ്ടിരിക്കുന്നത്. രണ്ടു ദിവസമായി ഭക്ഷമണമില്ല. കൊറോണ പിടിച്ചാലും കുഴപ്പമില്ല, ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ പോയി മരിച്ചുകൊള്ളാം. എന്നാണ് കുടിയേറ്റ തൊഴിലാളികള്‍ പറയുന്നത്. ഞെട്ടിപ്പിക്കുന്ന കാഴ്ചയാണിത്. മനഃസാക്ഷിയുള്ളവര്‍ക്ക് കണ്ടുനില്‍ക്കാനാവാത്ത ദൃശ്യങ്ങള്‍. തൊഴിലും ഭക്ഷണവുമില്ലാത്ത അവസ്ഥയില്‍ ഈ പാവങ്ങള്‍ അവരുടെ നാട്ടിലേക്ക് തിരിച്ചുപോവാനൊരുങ്ങും എന്ന് ഭരണകൂടം മുന്‍കൂട്ടിക്കാണണമായിരുന്നു. – രാജ പറഞ്ഞു

കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസിക്കാനായി അടിയന്തര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും നല്‍കണം. ഇതിനായി സ്‌കൂളുകളും മറ്റ് കേന്ദ്രങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇപ്പോള്‍ തെരുവിലുള്ളവരെ നാട്ടിലെത്തിക്കാന്‍ ഗതാഗത സംവിധാനമേര്‍പ്പെടുത്തണം.

നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് തീര്‍ത്തും അപര്യാപ്തമാണ്. ഇവരുടെ മുന്‍ഗണനാപട്ടികയില്‍ രാമായണത്തിന്റെ പുനഃസംപ്രേഷണമാണുള്ളത്. എല്ലാം വര്‍ഗ്ഗീയതയുടെ കണ്ണടയിലൂടെ നോക്കിക്കാണുകയാണ്. രാമായണമല്ല ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കലാണ് മുഖ്യം. എന്തിനാണ് കേന്ദ്ര മന്ത്രി ഇത്തരമൊരു പ്രഖ്യാപനവുമായി വരുന്നത്. ഇതിനാണോ ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും രാജ ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment