സ്‌പെയിനില്‍ കുടുങ്ങിയവര്‍ക്ക് സഹായവുമായി കുഞ്ഞാലിക്കുട്ടി

എടപ്പാള്‍: കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയിലെത്താനാകാതെ സ്‌പെയിനില്‍ കുടുങ്ങിയ ഡോക്ടറടക്കമുള്ള മലയാളികള്‍ക്ക് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ ഇടപെടലിലൂടെ സുരക്ഷിതവാസം. മലപ്പുറം ജില്ലക്കാരനും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായിരുന്ന നൗഫലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം പേരാണ് തിരിച്ചുവരാന്‍ മാര്‍ഗമില്ലാതെ സ്‌പെയിനില്‍ ഭീതിയില്‍ കഴിയുന്നത്. ആറുമാസം മുന്‍പാണ് ഒരു കോഴ്‌സ് ചെയ്യാനായി ഡോക്ടര്‍ സ്‌പെയിനിലെത്തിയത്. ഈമാസം തിരിച്ചുപോരാനായി ടിക്കറ്റ് ബുക്ക്‌ചെയ്ത് തയ്യാറാകുന്നതിനിടയിലാണ് കൊറോണ വ്യാപനമുണ്ടായത്.

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ സി.പി. ബാവ ഹാജിയുടെ ബന്ധുവാണ് ഡോക്ടര്‍. ബാവ ഹാജിയാണ് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയത്. മുറിക്ക് പുറത്തിറങ്ങാനോ ആവശ്യത്തിന് ഭക്ഷണം ലഭിക്കാനോ പ്രയാസപ്പെട്ടാണ് ഇവര്‍ അവിടെ കഴിഞ്ഞുവന്നത്. കൈയിലുള്ള പണവും തീര്‍ന്നു. ഉടന്‍ ഇന്ത്യന്‍ എംബസിയിലെ അംബാസഡര്‍ സഞ്ജയ് വര്‍മയോട് കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ ധരിപ്പിച്ചു. അംബാസഡര്‍ ഡോ. നൗഫലിനെ നേരിട്ടുവിളിച്ച് ഇദ്ദേഹത്തിനും മറ്റു മലയാളികള്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളുമേര്‍പ്പെടുത്താമെന്ന് ഉറപ്പുനല്‍കി. ഇക്കാര്യങ്ങളറിയിച്ച് കുഞ്ഞാലിക്കുട്ടിക്ക് രേഖാമൂലമുള്ള മറുപടിയും അംബാസഡര്‍ നല്‍കി.

pathram:
Leave a Comment