മാനസികമായും സാമ്പത്തികമായും വളരെയധികം സഹായിച്ചു, താങ്ങായും തണലായും ഒപ്പം നിന്നത് രാഹുല്‍ ഗാന്ധി, നിര്‍ഭയയുടെ മാതാപിതാക്കള്‍

ഡല്‍ഹി: നിര്‍ഭയകേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോള്‍ മകള്‍ക്ക് നീതി കിട്ടിയ ആശ്വാസത്തിലാണ് ആ മാതാ പിതാക്കള്‍. എഴ് വര്‍ഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിന് ഒടുവിലാണ് ഈ അച്ഛനും അമ്മയും ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഈ വര്‍ഷങ്ങളില്‍ കടന്നുപോയ ദുര്‍ഘടമായ വഴികളില്‍ ആശ്വാസമായ ഒരാളെപ്പറ്റി പലകുറി പറഞ്ഞിട്ടുണ്ട് അവര്‍. ആ കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേര്. തന്റെ മകള്‍ ഇരയായ ആ അതിനീചമായ സംഭവത്തിനു ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിസ്വാര്‍ഥ സ്‌നേഹവും കരുതലും സഹായവും അനുഭവിച്ചതിലാണു നിര്‍ഭയയുടെ പിതാവ് വാചാലനായത്.

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കുന്നില്ല. എന്നാല്‍ ആ അതിഭീകരമായ അവസ്ഥയിലൂടെ തന്റെ കുടുംബം കടന്നുപോയപ്പോള്‍ താങ്ങായും തണലായും ഒപ്പം നിന്നത് രാഹുല്‍ ഗാന്ധി മാത്രമാണ്. അദ്ദേഹം തന്റെ കുടുംബത്തെ മാനസികമായും സാമ്പത്തികമായും വളരെയധികം സഹായിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും മാധ്യമങ്ങള്‍ക്കിടയിലേക്ക് അദ്ദേഹം വലിച്ചിഴച്ചില്ല. പകരം എല്ലാം രഹസ്യമായി സൂക്ഷിക്കണമെന്നു തങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയെന്നു ന്യൂസ് ഏജന്‍സിയായ െഎഎഎന്‍എസിനോട് ബദ്രിനാഥ് സിങ് വെളിപ്പെടുത്തി.

‘ഒരു മരവിപ്പായി അവളുടെ ഓര്‍മകള്‍ അവശേഷിക്കുന്ന ആ വേദനയുടെ കാലഘട്ടത്തില്‍ രാഹുല്‍ തങ്ങള്‍ക്ക് ഒപ്പം നിന്നു സമാശ്വസിപ്പിച്ചു. ആ വേദനയ്ക്ക് ഇടയില്‍ രാഹുലിനെ പോലെ ഒരു നേതാവിന്റെ ഇടപെടല്‍ ദൈവികമായി തോന്നി. നിര്‍ഭയയുടെ സഹോദരനെ ഒരു പൈലറ്റ് ആക്കാന്‍ രാഹുല്‍ സഹായിച്ചു. ഈ കരുതലിനു താനും കുടുംബവും എങ്ങനെ നന്ദി പറയുമെന്ന് അറിയില്ല. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇതു മനുഷ്യത്വമാണ്, രാഷ്ട്രീയമല്ല.’ – വാക്കുകള്‍ ഇടറി ആ പിതാവ് പറഞ്ഞു. മകനു രാഹുലിന്റെ ഭാഗത്തുനിന്ന് വലിയ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ ട്രെയിനിങ് കഴിഞ്ഞ് ഇന്‍ഡിഗോയില്‍ ജോലി നോക്കുകയാണ്. ഇതെല്ലാം സാധ്യമായത് രാഹുല്‍ ഗാന്ധി എന്ന ഒറ്റ ഒരാളുടെ പിന്തുണ കാരണം മാത്രമാണെന്നും ബദ്രിനാഥ് സിങ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിര്‍ഭയക്കേസിലെ നാലു കുറ്റവാളികളെയും തൂക്കിലേറ്റിയത്. തിഹാര്‍ ജയിലില്‍ രാവിലെ അഞ്ചരയ്ക്കാണ് മുകേഷ് സിങ്, പവന്‍ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെ ഒരുമിച്ചു തൂക്കിലേറ്റിയത്. ശിക്ഷ മാറ്റിവയ്!ക്കണമെന്ന പവന്‍ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചെ മൂന്നരയ്!ക്ക് സുപ്രീംകോടതി തള്ളിയതോടെ മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കുകയായിരുന്നു. രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച കൊടും കുറ്റകൃത്യം നടന്ന് ഏഴുവര്‍ഷം പിന്നിടുമ്പോഴാണു നീതി നടപ്പാക്കപ്പെട്ടത്.

pathram:
Related Post
Leave a Comment