ഡല്‍ഹി കലാപം; പാര്‍ലമെന്റില്‍ 11 ന് ചര്‍ച്ച , അമിത് ഷാ മറുപടി പറയും

ഡല്‍ഹി: ഡല്‍ഹി കലാപത്തെപ്പറ്റി പാര്‍ലമെന്റ് ഈമാസം 11 ന് ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കും. കലാപത്തെപ്പറ്റി പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ഹോളിക്കുശേഷം ചര്‍ച്ചയാകാം എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചര്‍ച്ചയ്ക്കുള്ള സമയം ഇതല്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞിരുന്നു.

വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയാവും നടക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സഭാ നടപടികള്‍ തടസപ്പെടുത്താതെ പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചര്‍ച്ച നടത്തണമെന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ എത്തിയിരിക്കുന്നു. അതിനാല്‍ ചര്‍ച്ചചെയ്യുന്നതില്‍ സര്‍ക്കാരിന് പ്രശ്‌നമൊന്നുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ചര്‍ച്ച വൈകുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഹോളിക്ക് ശേഷം ചര്‍ച്ച നടത്താമെന്ന നിലപാടാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. കലാപത്തിനിടെ ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് ഹോളി ആഘോഷിക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. കലാപത്തില്‍ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്നും പ്രതിപക്ഷം ചോദിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ കലാപം വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നാലു ദിവസം നീണ്ടുനിന്നിരുന്നു. 50ലേറെപ്പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി വീടുകളും കടകളും തകര്‍ക്കുകയും തീവെക്കുകയും ചെയ്തിരുന്നു. സ്‌കൂളുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കലാപത്തെപ്പറ്റി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം കലാപത്തില്‍ വീടുകള്‍ കത്തി നശിച്ചവര്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ കൈത്താങ്ങ്. കത്തി നശിച്ച വീടുകള്‍ക്ക് ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പൂര്‍ണമായും നശിച്ച വീടുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഭാഗികമായി നശിച്ച വീടുകള്‍ക്ക് രണ്ടര ലക്ഷം രൂപയും നല്‍കാനാണ് തീരുമാനം

pathram:
Leave a Comment