വേറെ വഴിയില്ല…!!! സ്വാഗത പ്രസംഗം നടത്തുന്നതിനിടെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി വേദി വിട്ടു

തിരുവനന്തപുരം: സ്വാഗതപ്രസംഗം നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനത്തിന് എഴുന്നേറ്റു. ഇതോടെ സ്വാഗതപ്രാസംഗിക പിന്മാറി. നാലുമിനിറ്റുകൊണ്ട് ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി വേറെ വഴിയില്ലാത്തതുകൊണ്ടാണിതെന്നു പറഞ്ഞാണ് വേദിവിട്ടത്. തിരുവനന്തപുരത്ത് മലയാള മിഷന്റെ ത്രിദിന പരിപാടിയായ ‘മലയാണ്‍മ 2020’ന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സംഭവം.

അയ്യങ്കാളി ഹാളില്‍ വെള്ളിയാഴ്ച രണ്ടിനു നിശ്ചയിച്ച പരിപാടിക്ക് മന്ത്രി കടകംപള്ളി സുരന്ദ്രനടക്കമുള്ളവര്‍ നേരത്തേ എത്തിയിരുന്നു. പരിപാടികള്‍ക്ക് സമയത്തുവരാറുള്ള മുഖ്യമന്ത്രി ഒരുമണിക്കൂര്‍ വൈകി മൂന്നിനാണ് എത്തിയത്. മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ജോര്‍ജ് സ്വാഗതപ്രസംഗം തുടങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി എഴുന്നേറ്റതോടെ വേദിയിലും സദസ്സിലുമുള്ളവര്‍ അമ്പരന്നു.

ലോക മാതൃഭാഷാദിനം ആചരിക്കുന്നതിന്റെ ചരിത്രം ഏതാനും വാചകങ്ങളില്‍ പറഞ്ഞ സുജ യൂണിവേഴ്‌സിറ്റി കോളേജ് പഴയ മഹാരാജാസ് ആയിരുന്നെന്നും അവിടെ ഒരുഅധ്യാപകന്‍ മലയാള ഭാഷയ്ക്കുവേണ്ടി ഉണ്ടായിരുന്നു എന്നും പറയുമ്പോഴേക്കും പെട്ടെന്ന് മുഖ്യമന്ത്രി എഴുന്നേറ്റു. അധ്യക്ഷന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രൊഫ. വി.എന്‍. മുരളിയും വേദിയിലിരുന്നവരും ഒപ്പം എഴുന്നേറ്റു.

മുഖ്യമന്ത്രി മൈക്ക്സ്റ്റാന്‍ഡിനടുത്തേക്ക് വരുന്നതുകണ്ട് അമ്പരന്ന സുജ മാറിനിന്നു. അദ്ദേഹം പ്രസംഗം തുടങ്ങി. ”സ്വാഗതം പിന്നീട് പറയാം. സ്വാഗതത്തില്‍ സ്വാഭാവികമായും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും. മൂന്നുമണിക്ക് വേറെ പരിപാടിയുണ്ട്. പോകണ്ട തിരക്കുണ്ട്. മറ്റുവഴിയില്ല”എന്നുപറഞ്ഞ മുഖ്യമന്ത്രി മിഷന്റെ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചും അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചും പ്രസംഗം നിര്‍ത്തി.

റേഡിയോ മലയാളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം ഭാഷാസാങ്കേതികവിദ്യാ മികവിനുള്ള പുരസ്‌കാരം ഐഫോസിസ് ഡയറകടര്‍ പി.എം. ശശിക്ക് സമ്മാനിച്ചു. മികച്ച അധ്യാപകര്‍ക്കും ലോക കേരളസഭയുടെ ഭാഗമായി നടത്തിയ സാഹിത്യ മത്സര വിജയികള്‍ക്കും സമ്മാനംനല്‍കിയാണ് മുഖ്യമന്ത്രി വേദിവിട്ടത്. മുഖ്യമന്ത്രി മടങ്ങിയതോടെ സ്വാഗതപ്രസംഗം തുടര്‍ന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment