ഇത് ‘കലക്ടർ ബ്രോയുടെ ചേട്ടൻ’…!!!

കാക്കനാട്:ജില്ലാ ഭരണത്തിന്റെ കാര്യത്തിൽ കലക്ടർ ബ്രോ യുടെ ചേട്ടൻ ആകൂകയാണ് കൊച്ചി കലക്ടർ എസ്. സുഹാസ്. കയ്യടി നേടുന്ന ഇതിനകം തന്നെ ജനശ്രദ്ധ നേടിയെടുത്ത ആളാണ് അദ്ദേഹം.
ഇപ്പോഴിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ നഗരത്തിൽ പാഞ്ഞ ആറ് ബസുകൾ ജില്ലാ കളക്ടർ കൈയോടെ പിടികൂടിയിരിക്കുന്നു. താക്കീതു നൽകി വിട്ടയച്ച ബസ് ജീവനക്കാരോട് ഇനിയും ആവർത്തിച്ചാൽ 304 വകുപ്പു പ്രകാരം നരഹത്യക്ക് കേസെടുക്കുമെന്ന മുന്നറിയിപ്പും നൽകി.

സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ എന്നറിയാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ആറ് ബസുകൾ കുടുങ്ങിയത്. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ഭാഗത്ത് ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് കളക്ടർ എസ്.സുഹാസ് വാഹന പരിശോധനക്ക് നേരിട്ടെത്തിയത്. വാഹന പരിശോധനക്ക് കളക്ടർ എത്തിയപ്പോൾ തന്നെ വിവരം സ്വകാര്യ ബസുകൾ പരസ്പരം കൈമാറിയിരുന്നു. പിന്നീടു വന്ന ബസുകളെല്ലാം തന്നെ വാതിൽ അടച്ചാണ് കടന്നു പോയത്. എന്നാൽ മോട്ടോർ വാഹന വകുപ്പിൻ്റെ സ്ക്വാഡ് വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ടായിരുന്നു. വാതിൽ അടക്കാതെ വരുന്ന ബസുകളുടെ വിവരങ്ങൾ ആരംഭത്തിൽ തന്നെ കൈമാറിയിരുന്നു. ഇത്തരത്തിൽ എത്തിയ ബസുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ ബസ്സുകളിൽ വാതിൽ പാളി തുറന്നു വച്ച് സർവ്വീസ് നടത്തുന്നതിനാൽ യാത്രികർ ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് അപകടം ഉണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ചെറുവട്ടൂരിൽ ബസിൽ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചിരുന്നു. ഒരു മാസം മുമ്പ് കാക്കനാട്സ്വകാര്യ ബസിൻ്റ ഡ്രൈവറുടെ ഭാഗത്തെ വാതിൽ തുറന്നു വീണ് ടു വീലറിൽ സഞ്ചരിച്ചിരുന്ന കുട്ടിക്ക് പരിക്കേറ്റിരുന്നു. ഈ കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

യാത്രക്കാരുടെ സുരക്ഷയിൽ അലംഭാവം കാണിക്കുന്ന സ്വകാര്യ ബസുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുറ്റകൃത്യം ചെയ്യുന്ന ബസ് ജീവനക്കാർക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകും. ബസ്സിൻ്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടി ആരംഭിക്കുവാൻ കളക്ടർ ആർ.ടി.ഒ യ്ക്ക് നിർദ്ദേശം നൽകി. പരിശോധനക്ക് എറണാകുളം ആർ.ടി.ഒ കെ. മനോജ് കുമാർ, എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ എന്നിവർ വിവിധ സ്ക്വാഡുകൾക്കൊപ്പം പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കളക്ടർ അറിയിച്ചു.

pathram desk 2:
Related Post
Leave a Comment