പുതുസംരംഭകര്‍ക്ക് ഓഫീസ് സ്‌പേസ് ഒരുക്കി ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്

കൊച്ചി: പുതുസംരംഭകര്‍ക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഓഫീസ് സ്‌പേസ് ഒരുക്കികൊണ്ട് ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ് പ്രവര്‍ത്തനം ആരംഭിച്ചു. കലൂര്‍ എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. ചെറു-പുതു സംരംഭകര്‍, ഫ്രീലാന്‍സ് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് സങ്കീര്‍ണതകളില്ലാതെ ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ് ലഭ്യമാക്കുന്നു.

മെട്രോ സ്‌റ്റേഷന്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും നടന്നെത്താവുന്ന ദൂരത്ത് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങില്‍ 100 പ്രൊഫഷണലുകളെ ഉള്‍കൊള്ളാനുള്ള സ്ഥലമുണ്ട്. അന്താരാഷ്ട്ര നിലവാരത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങില്‍ എയര്‍കണ്ടിഷനോട് കൂടി പൂര്‍ണമായി ഫര്‍ണിഷ് ചെയ്ത ഓഫീസ് സ്‌പേസിന് പുറമേ മീറ്റിങ് റൂം, വീഡിയോ കോണ്‍ഫറന്‍സിങ്, അതിവേഗ വൈ-ഫൈ, സ്റ്റോറേജ്, കോഫി ബാര്‍ തുടങ്ങിയ സൗകര്യങ്ങളും കാര്‍ പാര്‍ക്കിങ്ങിന് ആവശ്യമായ സ്ഥലവുമുണ്ട്.

ഓഫീസിനായി വലിയ തുക മുടക്കാന്‍ താല്‍പര്യമില്ലാത്ത പുതുസംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സ് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ ജോലി സ്ഥലമാണ് ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ് ലഭ്യമാക്കുന്നതെന്ന് ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ് സ്ഥാപകരില്‍ ഒരാളായ ഫൈസല്‍ ഇളയടത്ത് പറഞ്ഞു. കൊച്ചിയിലും കേരളത്തിലാകെയും നിലവിലുള്ള തൊഴില്‍ പശ്ചാത്തലത്തില്‍ നിന്നും തികച്ചും വിഭിന്നമായ സമീപനമാണ് തങ്ങള്‍ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കിയും പ്രാദേശിക വിപണിയെക്കുറിച്ചുള്ള അവബോധം പ്രയോജനപ്പെടുത്തിയും ആഗോള നിലവാരത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും ഫൈസല്‍ ഇളയേടത്ത് പറഞ്ഞു.

പ്രോഡക്ട് ലോഞ്ചുകള്‍ക്കും നെറ്റ്‌വര്‍ക്കിങ്ങിനും ശില്‍പശാലകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇവിടുത്തെ ഇവന്റസ് കോര്‍ണര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദൈനംദിന പാസുകള്‍ മുതല്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണമുള്ള വാര്‍ഷിക പാക്കേജുകള്‍ ഉള്‍പ്പെടെയുള്ള അംഗത്വങ്ങള്‍ ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ് ലഭ്യമാക്കുന്നു. മറ്റ് സ്ഥാപകരായ സുനില്‍ പി. സ്റ്റാന്‍ലി, പ്രിന്‍സ് ജോര്‍ജ്, ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങിന്റെ ജനറല്‍ മാനേജര്‍ നിയാസ് എം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ആഗോളതലത്തില്‍ തന്നെ കോവര്‍ക്കിങ് ഒരു പുതിയ പ്രതിഭാസമാണെങ്കിലും ഓഫീസ് സ്‌പേസുകള്‍ 2022-ഓടെ 20,000 ത്തില്‍ നിന്നും 26,000 വരെ എത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2019-ല്‍ നിന്നും 42% വര്‍ധനവാണ് ഇത്.

ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങിന് പുറമേ ഇതിന്റെ സ്ഥാപകര്‍ക്ക് ഇന്ത്യയിലും വിദേശത്തുമായി ഇന്റീരിയര്‍ ഡിസൈന്‍, ആര്‍ക്കിടെക്ച്ചര്‍, ഫാബ്രിക് കെയര്‍, ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് തുടങ്ങിയ വ്യവസായസംരംഭങ്ങളുണ്ട്.

pathram:
Leave a Comment