ന്യൂസിലന്‍ഡിന് ടോസ്; ബാറ്റിങ്, സന്തോഷമായെന്ന് കോഹ്ലി, ടീമില്‍ മാറ്റം വരുത്താതെ ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരം നടന്ന ഓക്‌ലന്‍ഡിലെ അതേ വേദിയിലാണ് ഇന്നത്തെ മത്സരവും നടക്കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ന്യൂസിലാന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 8 ഓവറില്‍ 63 റണ്‍സ് എടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ടീമില്‍ ഷാര്‍ദുല്‍ താക്കൂറിനു പകരം നവ്ദീപ് സെയ്‌നി ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്താനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തീരുമാനിച്ചത്. ന്യൂസീലന്‍ഡും ആദ്യ മത്സരത്തിലെ ടീമിനെ അതേപടി നിലനിര്‍ത്തി. ഒന്നാം ട്വന്റി20യില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അനായാസം ജയിച്ചുകയറിയിരുന്നു.

ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയാണ് ചെയ്തത്. രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടമായെങ്കിലും ചേസ് ചെയ്യാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് കോലി വ്യക്തമാക്കി.

ഈഡന്‍ പാര്‍ക്കില്‍ അവസാനം നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്യുന്നവരാണ് ജയിച്ചത്.

ഇന്ത്യയുമായുള്ള മത്സരത്തില്‍ ടീമംഗങ്ങളേക്കാള്‍ ഞങ്ങള്‍ ഭയക്കുന്നത് ഗ്യാലറിയില്‍ ഇരിക്കുന്ന ആരാധകരെയാണെന്ന് കിവീസ് താരം റോസ് ടെയ്‌ലര്‍. ഗാലറിയാണു ന്യൂസീലന്‍ഡിന്റെ ഭീഷണിയും ഇന്ത്യയുടെ കരുത്തും. മത്സരത്തലേന്നുള്ള പത്രസമ്മേളനത്തില്‍ താരം പറഞ്ഞു: ‘ഇന്ത്യയ്‌ക്കെതിരെ ലോകത്തിന്റെ ഏതു ഭാഗത്തു കളിച്ചാലും ഞങ്ങളുടെ പ്രധാന പേടി ഗാലറിയില്‍ നിറഞ്ഞു കവിയുന്ന ഇന്ത്യന്‍ ആരാധകരാണ്. കഴിഞ്ഞ ദിവസം തന്നെ ഇന്ത്യന്‍ കുതിപ്പിന് ഊര്‍ജം പകര്‍ന്നത് ആര്‍ത്തലച്ച കാണികളാണ്. ഏതു ടീമും കൊതിച്ചുപോകും ഇത്തരം ആരാധകരെ കിട്ടാന്‍!’ ഗ്രൗണ്ടിലെ അന്തരീക്ഷം ഉഗ്രനായിരുന്നു എന്നു പറഞ്ഞ് വിരാട് കോലി നന്ദി പറഞ്ഞതും ഇന്ത്യന്‍ ആരാധകരോടാണ്. ഇന്ന് ഓക്‌ലന്‍ഡിലെ ഗാലറിയില്‍ ടീം ഇന്ത്യയ്ക്ക് പ്രചോദനമാവുക പാറിപ്പറക്കുന്ന ത്രിവര്‍ണ പതാകകള്‍ തന്നെയാകും!

pathram:
Related Post
Leave a Comment