നയപ്രഖ്യാപന പ്രസംഗത്തില്‍ സിഎഎ പരാമര്‍ശങ്ങള്‍; വീണ്ടും സര്‍ക്കാരിനെതിരേ ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നു. ഇപ്പോള്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലാണ് ഗവര്‍ണര്‍ക്ക് വിയോജിപ്പ്. കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ല. ഇത്തരം പരാമര്‍ശങ്ങള്‍ വരുന്ന ഭാഗം പ്രസംഗത്തില്‍ നിന്ന് മാറ്റണം. തുടങ്ങിയ കാര്യങ്ങളാവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിനെ സമീപിക്കും.

കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രംഗത്തിന്റെ കോപ്പി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തത്. ഇതിനിടെ സി.എ.എ പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയില്ലെങ്കില്‍ എന്തുവേണമെന്നതില്‍ ഗവര്‍ണര്‍ നിയമോപദേശവും തേടിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് നിയമസയില്‍ പ്രമേയം പാസാക്കിയത്, സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്ന് മാറ്റണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് ചട്ടലംഘനമാണെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ വിയോജിപ്പ് ഇതിനോടകം ചീഫ് സെക്രട്ടറിയെ അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

pathram:
Leave a Comment