സെവാഗിന്റെ തലയിലുള്ള മുടിയുടെ എണ്ണത്തേക്കാള്‍ പണം തന്റെ കൈയിലുണ്ടെന്ന് അക്തര്‍ ( വീഡിയോ)

ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ മൂന്നു വര്‍ഷം മുമ്പുള്ള പരാമര്‍ശത്തിന് പരിഹാസ മറുപടിയുമായി മുന്‍ പാക് പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍. സെവാഗിന്റെ തലയിലുള്ള മുടിയുടെ എണ്ണത്തേക്കാള്‍ പണം തന്റെ കൈയിലുണ്ടെന്നായിരുന്നു അക്തറിന്റെ പരിഹാസം. തന്റെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലായിരുന്നു അക്തറിന്റെ പരിഹാസം. എന്നാല്‍ ഈ പരാമര്‍ശം പെട്ടെന്ന് തിരുത്തിയ അക്തര്‍ തമാശയായി മാത്രം കണ്ടാല്‍ മതിയെന്ന് വിശദീകരണവും നല്‍കി.

2016-ല്‍ നടന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ സമാനരീതിയില്‍ അക്തറിനെ സെവാഗും പരിഹസിച്ചിരുന്നു. അക്തര്‍ ഇന്ത്യയെ അഭിനന്ദിക്കുന്നത് പണം കിട്ടാന്‍ വേണ്ടിയിട്ടാണെന്നായിരുന്നു സെവാഗ് അന്ന് പറഞ്ഞ കമന്റ്. ‘അക്തര്‍ നമ്മുടെയൊക്കെ സുഹൃത്തായത് ഇന്ത്യയില്‍ ബിസിനസ് തുടങ്ങാനാണ്. അതുകൊണ്ടുതന്നെ അക്തര്‍ ഇടക്കിടെ ഇന്ത്യയെ പ്രശംസിക്കും. അക്തറിന്റെ ഏതെങ്കിലും അഭിമുഖങ്ങള്‍ നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്കും ഇത് മനസ്സിലാകും. കളിക്കുന്ന സമയത്ത് അക്തര്‍ ഇത്തരത്തില്‍ ഇന്ത്യയെ അഭിനന്ദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.’ സെവാഗ് അന്ന് പറഞ്ഞ വാക്കുകളാണിത്.

ഇതിനുള്ള മറുപടിയാണ് അക്തര്‍ ഇപ്പോള്‍ നല്‍കിയത്. 15 വര്‍ഷമെടുത്താണ് ഷൊയ്ബ് അക്തര്‍ എന്ന ക്രിക്കറ്റ് താരമുണ്ടായതെന്നും പാകിസ്താന് വേണ്ടി രക്തവും വിയര്‍പ്പും കണ്ണീരും നല്‍കിയവനാണ് താനെന്നും അക്തര്‍ വീഡിയോയില്‍ പറയുന്നു. പണം വരുന്നത് ഇന്ത്യയില്‍ നിന്നല്ല, അതു ദൈവത്തിന്റെ അടുത്തുനിന്നാണെന്നും അക്തര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം സെവാഗും അക്തറും തമ്മിലുള്ള ഈ സംഭാഷങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതില്ലെന്നും ഇരുവരും അടുത്ത സുഹൃത്തുക്കളായതിനാല്‍ തമാശ പങ്കുവെച്ചതാണെന്നും ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

pathram:
Leave a Comment