അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: മരണശേഷം അവയവദാനം നടത്തിയവരുടെ അടുത്ത കുടുംബാംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ‘ഗിഫ്റ്റ് ഓഫ് ലൈഫ് ഫാമിലി കാര്‍ഡ്’ നല്‍കാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി തീരുമാനിച്ചു. മരണപ്പെട്ട ദാതാവിന്റെ മാതാപിതാക്കള്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് ഈ ഉദ്യമമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2019 നവംബര്‍ 27 ദേശീയ അവയവദാന ദിനത്തില്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമ്മലാണ് അവയവദാതാക്കളുടെ കുടുംബത്തിന് പ്രിവിലിജ് കാര്‍ഡെന്ന ആശയം മുന്നോട്ടുവെച്ചതെന്ന് കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട് പറഞ്ഞു. ഫാ. ചിറമ്മലിന്റെ നിര്‍ദ്ദേശം തങ്ങള്‍ സ്വീകരിക്കുകയും അത് ഇത്രയും വേഗത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണപ്പെട്ട അവയവദാതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കാനുള്ള ആദ്യ ഉദ്യമമായിരുന്നു ആസ്റ്റര്‍ മെഡ്‌സിറ്റി ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ വിഭാഗവും പീപ്പ്ള്‍ ഹെല്‍പ്പിങ് പീപ്പ്ള്‍ എന്ന സന്നദ്ധസംഘടനയും സംയുക്തമായി സംഘടിപ്പിച്ച അവയവദാന ദിനാചരണം. തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവം ദാനം ചെയ്യാന്‍ തീരുമാനമെടുത്തവര്‍ക്കുള്ള ഇളവായല്ല മറിച്ച് അവരോടുള്ള സമൂഹത്തിന്റെ കടമ നിറവേറ്റുകയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി ഈ തീരുമാനത്തിലൂടെ ചെയ്യുന്നതെന്നും കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട് വ്യക്തമാക്കി.

വളരെ സന്നിഗ്ധഘട്ടത്തില്‍ ധീരമായ തീരുമാനം എടുത്തവരാണ് മരണപ്പെട്ട ദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് ഫാ. ഡേവിസ് ചിറമ്മല്‍ അഭിപ്രായപ്പെട്ടു. അവരെടുത്ത തീരുമാനം നിരവധി പേര്‍ക്ക് പുതുജീവനേകിയിട്ടുണ്ട്. അവരോട് സമൂഹത്തിനുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപി, ഐപി സേവനങ്ങള്‍, വെല്‍നസ് പാക്കേജ് എന്നിവയില്‍ ഇളവ്, ഒപി കണ്‍സള്‍ട്ടേഷന് പ്രത്യേക മുന്‍ഗണന, സൗജന്യ പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളാണ് കാര്‍ഡുടമകള്‍ക്ക് ലഭ്യമാക്കുക.

ആസ്റ്റര്‍ മെഡ്‌സിറ്റി ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഹെപ്പറ്റോബിലിയരി ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. മാത്യു ജേക്കബ്, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

pathram:
Leave a Comment