മരട് ഫ്‌ലാറ്റ്; ഉരുണ്ട് കളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: മരടില്‍ പൊളിച്ചുമാറ്റപ്പെട്ട ഫ്ളാറ്റുകള്‍ എന്നാണ് നിര്‍മിച്ചതെന്നോ ആരാണ് അനുമതി നല്‍കിയതെന്നോ അറിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഫ്ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കുമ്‌ബോള്‍ മരട് നഗരസഭ ഭരിച്ചത് ആരാണെന്നും സര്‍ക്കാരിന് ഉത്തരമില്ല. നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാരിന്റെ ഒളിച്ചുകളി.

തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടി ഉയര്‍ത്തിയ മരടിലെ ഫ്ളാറ്റുകള്‍ മണ്ണോടു ചേര്‍ന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

2019 നവംബര്‍ 15 ന് എറണാകുളം എംഎല്‍എ ടി.ജെ വിനോദിന്റെ ചോദ്യങ്ങള്‍ക്ക് വിചിത്രമായ മറുപടിയാണ് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ നല്‍കിയത്. ഫ്ളാറ്റുകള്‍ പണിയാന്‍ മരട് പഞ്ചായത്ത് അനുമതി നല്‍കിയത് എന്നാണെന്നായിരുന്നു ആദ്യ ചോദ്യം. വിവരങ്ങള്‍ ശേഖരിച്ചുവരുന്നുവെന്ന് മന്ത്രി മറുപടി നല്‍കി.

ഫ്ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ സമയത്ത് മരട് പഞ്ചായത്ത് ഏത് മുന്നണിയാണ് ഭരിച്ചിരുന്നതെന്നതായിരുന്ന ടി.ജെ വിനോദിന്റെ രണ്ടാമത്തെ ചോദ്യം വിവരം ശേഖരിച്ചുവരുന്നുവെന്ന് മന്ത്രിയുടെ മറുപടി. കെ.എ ദേവസ്യ അധ്യക്ഷനായ ഇടത് ഭരണസമിതിയാണ് ഫ്ളാറ്റുകള്‍ക്ക് അനുമതി നല്‍കിയതെന്ന കാര്യം നിയമസഭയില്‍ പറയാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ഫ്ളാറ്റ് നിര്‍മാണത്തിലെ അഴിമതിയും സാമ്ബത്തിക ഇടപാടും രാഷ്ട്രീയ സ്വാധീനവും സമഗ്രമായി അന്വേഷിക്കുമോയെന്ന ചോദ്യത്തിന് നല്‍കിയതും വിവരങ്ങള്‍ ശേഖരിച്ചുവരുന്നുവെന്ന പഴയ മറുപടിതന്നെ.

നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തെപ്പറ്റി സര്‍ക്കാര്‍ മൗനം പാലിച്ചു. വസ്തുതകള്‍ മറച്ചുവെച്ചുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ മറുപടി നിയമസഭയെ തെറ്റിധരിപ്പിക്കുന്നതാണെന്നാണ് ആരോപണം.

അതേസമയം സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഇതൊക്കെ പരിശോധനക്കായി ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രേഖകള്‍ ഹാജരാക്കിയിട്ടുള്ളതാണ്. രേഖകള്‍ അവിടെയുണ്ട്. മറ്റ് വിശദാംശങ്ങള്‍ സുപ്രീംകോടതിയിലും ഹാജരാക്കിയിട്ടുണ്ട്. ഏത് കാലത്താണ് അനുമതി, എന്തൊക്കെയാണ് നിയമലംഘനങ്ങള്‍ എന്നതൊക്കെ വ്യക്തമാണ്. നിയമസഭയില്‍ നല്‍കിയ മറുപടി എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് പരിശോധിക്കും. എന്തടിസ്ഥാനത്തിലാണ് ആ ചോദ്യങ്ങള്‍ വന്നതെന്നത് കേട്ടാല്‍ മാത്രമാണ് അതേപ്പറ്റി പ്രതികരിക്കാന്‍ കഴിയുകയെന്നും മന്ത്രി പറഞ്ഞു.

pathram:
Leave a Comment