പരിസര മലിനീകരണം; അബാദ് ഫ്‌ളാറ്റിനെതിരെ ഹൈക്കോടതി നടപടി

ഏറ്റുമാനൂര്‍: രൂക്ഷമായ പരിസര മലിനീകരണം ഉണ്ടാക്കിയ തെള്ളകത്തെ അബാദ് റോയല്‍ ഗാര്‍ഡന്‍സ് ഫ്‌ളാറ്റിനെതിരെ കര്‍ശന നടപടി എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. നടപടി എടുത്ത് ജനുവരി 10നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനോടും (പി.സി.ബി) ഏറ്റുമാനൂര്‍ നഗരസഭയോടുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടത്. ഫ്‌ളാറ്റിന് പി.സി.ബിയുടെ പ്രവര്‍ത്തനാനുമതിയും ഉണ്ടായിരുന്നില്ല.
ഓള്‍ഡ് എം.സി റോഡിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റ് കാലങ്ങളായി മലിനജലം പരിസരപ്രദേശങ്ങളിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ഇതോടെ സമീപവാസികളായ നിരവധി പേരുടെ കിണറുകള്‍ മലിനമായി. കിണറുകളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതി എത്തിയതോടെ നാട്ടുകാര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പി.സി.ബിയ്ക്കും ഏറ്റുമാനൂര്‍ നഗരസഭയ്ക്കും നിരവധി പരാതികള്‍ നല്‍കി. എന്നാല്‍ അധികൃതര്‍ നടപടിയെടുക്കാതായതോടെയാണ് വിഷയം ഹൈക്കോടതിക്കു മുന്നിലെത്തിയത്. ഫ്‌ളാറ്റിനു സമീപത്തെ കിണറുകളിലെ കോളിഫോം ബാക്ടീരിയയുടെ അളവ് 4000 എംപിഎന്നിനു മുകളില്‍ ആണെന്ന് പി.സി.ബിയുടെ പരിശോധനാ ഫലത്തില്‍ തന്നെ വ്യക്തമായിരുന്നു. കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ ചെറിയ സാന്നിധ്യം പോലും വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എന്നിട്ടും മലിനീകരണം തടയാന്‍ ഒരു നടപടിയും ബോര്‍ഡ് എടുക്കാതിരുന്നത് കോടതിയെപ്പോലും അമ്പരപ്പിച്ചു.
അതിനിടെ, പി.സി.ബിയ്ക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന വിചിത്ര വാദമാണ് ഫ്‌ളാറ്റ് ഉടമകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഉയര്‍ത്തിയത്. ഇതിനെ എതിര്‍ക്കാന്‍ പി.സി.ബി തയാറായില്ലെന്നതും ശ്രദ്ധേയമായി.
എങ്കില്‍ ഫ്‌ളാറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവ് ഇടാമെന്ന് കോടതി വാക്കാല്‍ പറഞ്ഞതോടെ ഇരുവരും നിലപാട് മയപ്പെടുത്തി. ഇത്തരം പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി കര്‍ശന നടപടി എടുക്കാന്‍ പി.സി.ബിയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. റസിഡന്‍സ് അസോസിയേഷനു വേണ്ടി അഡ്വ. പ്രഭ ജോസ് കോടതിയില്‍ ഹാജരായി.

pathram:
Leave a Comment