മായങ്കിന് ഡബിള്‍ സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറില്‍

അരങ്ങേറ്റത്തില്‍ തന്നെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നേടിയ ഇരട്ട സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. കരിയറിലെ ആദ്യ സെഞ്ചുറി തന്നെ മായങ്ക് ഇരട്ടസെഞ്ചുറിയിലെത്തിച്ചു. 358 പന്തില്‍ അഞ്ചു സിക്‌സും 22 ബൗണ്ടറികളുമടക്കമാണ് മായങ്ക് ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചത്.

മായങ്കിനൊപ്പം 10 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

244 പന്തില്‍ ആറു സിക്‌സും 23 ബൗണ്ടറികളുമടക്കം 176 റണ്‍സെടുത്ത രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ടെസ്റ്റില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ രോഹിത്തിനെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കേശവ് മഹാരാജിന്റെ പന്തില്‍ ഡിക്കോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ചേതേശ്വര്‍ പൂജാര (6), ക്യാപ്റ്റന്‍ വിരാട് കോലി (20) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ഓപ്പണിങ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത് – മായങ്ക് സഖ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏതു വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കി. 2007-ല്‍ ചെന്നൈ ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും ചേര്‍ന്നെടുത്ത 268 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ മറികടന്നത്.

നേരത്തെ മായങ്കിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് വിശാഖപട്ടണത്ത് പിറന്നത്. 204 പന്തില്‍ നിന്ന് രണ്ടു സിക്‌സും 13 ബൗണ്ടറികളുമടക്കമാണ് മായങ്ക് സെഞ്ചുറിയിലെത്തിയത്. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 86-ാമത്തെ ഇന്ത്യന്‍ താരമാണ് മായങ്ക്.

pathram:
Leave a Comment