വനിതാ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ വനിത ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. സൂററ്റില്‍ നടന്ന അഞ്ചാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുക്കാനാണ് സാധിച്ചത്. എന്നാല്‍ ഇന്ത്യ 17.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മൂന്നെണ്ണം ജയിക്കുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ മഴ മുടക്കിയിരുന്നു.

ക്യാപ്റ്റന്റെ ഹര്‍മന്‍പ്രീത് കൗറിന്റെ (34) ഇന്നിങ്സാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ഷെഫാലി വര്‍മ (14), സ്മൃതി മന്ഥാന (7), ജമീമ റോഡ്രിഗസ് (7), ദീപ്തി ശര്‍മ (16), വേദിക കൃഷ്ണമൂര്‍ത്തി (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പൂജ വസ്ത്രകര്‍ (4) കൗറിനൊപ്പം പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്നിം ഇസ്മയി ല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, രാധ യാദവിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 17 റണ്‍സ് നേടിയ ലൗറ വോള്‍വാഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. രാധ യാദവിന് പുറമെ ദീപ്തി ശര്‍മ രണ്ടും ഷിഖ പാണ്ഡെ, പൂനം യാദവ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

രണ്ടും മൂന്നും മത്സരങ്ങളാണ് മഴയെടുത്തത്. കഴിഞ്ഞ മത്സരത്തില്‍ 51 റണ്‍സിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. ആദ്യ മത്സരത്തില്‍ 11 റണ്‍സിന് ഇന്ത്യന്‍ സഖ്യം ജയിക്കുകയായിരുന്നു.

pathram:
Leave a Comment