പിറവം പള്ളിയില്‍ ഓര്‍ത്തഡോക്സ് പ്രാര്‍ത്ഥന തുടങ്ങി; യാക്കോബായ പ്രാര്‍ഥന നടുറോഡില്‍

കൊച്ചി: കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പിറവം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്‍ത്ഥന തുടങ്ങി. പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. പോലീസ് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയിലാണ് സഭാ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചത്.

യാക്കോബായ വിശ്വാസികളുടെ ചെറിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് ഒതുക്കി. ഫാ.സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരിക്കുന്നത്. 1934-ലെ ഭരണഘടന അംഗീകരിക്കുന്ന ഏത് വിശ്വാസികള്‍ക്കും പ്രാര്‍ഥനയില്‍ പങ്കെടുക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ പ്രതിഷേധത്തിന്റെ ഭാഗമായി നടുറോഡില്‍ യാക്കോബായ വിഭാഗം പ്രാര്‍ഥന തുടങ്ങിയിട്ടുണ്ട്.

പള്ളിയുടെ നിയന്ത്രണം കളക്ടര്‍ക്കു തന്നെയായിരിക്കും. കുര്‍ബാനയ്ക്കെത്തുന്നവരെ തടയാനോ ക്രമസമാധാനപ്രശ്നമുണ്ടാക്കാനോ ആരെങ്കിലും ശ്രമിച്ചാല്‍ പോലീസ് പിടികൂടി സിവില്‍ ജയിലിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

സുപ്രീംകോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയില്‍ ആരാധന നടത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. രണ്ട് ദിവസം മുമ്പാണ് യാക്കോബായ വിശ്വാസികളില്‍ നിന്ന് പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടര്‍ ഏറ്റെടുത്തത്

pathram:
Leave a Comment