മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടക്കേസില്‍ ശ്രീറാമിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെത്തേക്കു മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കിസില്‍ ശ്രീറാമിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെത്തേക്കു മാറ്റി. കേസില്‍ രാഷ്ട്രീയ – മാധ്യമ സമ്മര്‍ദ്ദമുണ്ടെന്ന് എന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ പറഞ്ഞു. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നും വിരലടയാളം പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം ശ്രീറാമിന് പ്രത്യേക പരിഗണന ആവശ്യമില്ലെന്നും സാധാരണ പ്രതിക്ക് കിട്ടേണ്ട പരിഗണന മാത്രമേ ശ്രീറാമിനും കിട്ടേണ്ടതുള്ളൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുമായി സംസാരിച്ചിട്ടല്ല. സ്വകാര്യ ആശുപത്രി അനാവശ്യമായ പരിഗണന നല്‍കിയോ എന്ന് പരിശോധിക്കും. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രിയിലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളില്‍ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ നടപടി വന്‍ വിവാദമായതോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം കഴിഞ്ഞ ദിവസം പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് രാത്രി ഒമ്പതരയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ സെല്ലിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ തന്നെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റി. അവിടെ നിന്ന് ഇന്ന് രാവിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റിയതായാണ് വിവരം. എന്നാല്‍ എന്താണ് സംഭവിച്ചത് എന്നതടക്കം ആരോഗ്യസ്ഥിതി സംബന്ധിച്ച ഒരു വിവരവും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പുറത്ത് വിട്ടിട്ടില്ല.

അതിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരായ സസ്‌പെന്‍ഷന്‍ നടപടികള്‍ ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ നാല്‍പ്പത്തെട്ട് മണിക്കൂറിനകം സസ്‌പെന്റ് ചെയ്യണമെന്നാണ് സര്‍വ്വീസ് ചട്ടം. ഡിജിപി തയ്യാറാക്കി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pathram:
Related Post
Leave a Comment