കോളെജില്‍ ഇല അനങ്ങണമെങ്കില്‍ സിപിഎം വളര്‍ത്തുന്ന ‘എട്ടപ്പാന്റെ’ അനുമതി വേണം; ഒളിവില്‍ കഴിയുന്നവര്‍ മുഖ്യ സൂത്രധാരന്റെ സംരക്ഷണയില്‍..?

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കഴിഞ്ഞ 15 വര്‍ഷമായി ഗവേഷണ വിദ്യാര്‍ഥിയെന്ന പേരില്‍ കാമ്പസില്‍ വിലസുന്ന ‘എട്ടപ്പാന്‍’ എന്നയാളാണെന്ന് റിപ്പോര്‍ട്ട്. സി.പി.എം. ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ഈ മധ്യവയസ്‌കന്റെ അനുമതിയില്ലാതെ കാമ്പസില്‍ ഒരു ഇലപോലും അനങ്ങില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാളയത്തു പോലീസുകാരെ ആക്രമിച്ച സംഭവത്തിലും ഏറ്റവുമൊടുവില്‍ അഖിലെന്ന വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവത്തിലും മുഖ്യസൂത്രധാരന്‍ ഇയാളാണെന്ന് റിപ്പോര്‍ട്ടുണ്ട്.

അഖില്‍ വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുന്ന നാലാംപ്രതി അമര്‍ അബി ഇപ്പോഴും എട്ടപ്പാന്റെ സംരക്ഷണത്തിലാണെന്നു സൂചന. ഒന്നരപ്പതിറ്റാണ്ടായി എട്ടപ്പാന്റെ അധീനതയിലാണു യൂണിവേഴ്സിറ്റി കോളജ് കാമ്പസും ഹോസ്റ്റലും. ”ഗവേഷണത്തിനു” കോളജ് ലൈബ്രറി ഉപയോഗിക്കാനെന്ന പേരില്‍ പകല്‍ കാമ്പസില്‍ തമ്പടിക്കുന്ന ഇയാള്‍ രാത്രി തല ചായ്ക്കാന്‍ ഹോസ്റ്റലില്‍ ചേക്കേറും. എസ്.എഫ്.ഐയില്‍ സാമൂഹിക വിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയെന്നു പരിതപിക്കുന്ന സി.പി.എം. നേതൃത്വം എട്ടപ്പാന്റെ ലീലാവിലാസങ്ങള്‍ക്കു നേരേ കണ്ണടയ്ക്കുന്നു. കാമ്പസില്‍ എസ്.എഫ്.ഐക്ക് ഏറെ ചീത്തപ്പേര് സമ്പാദിച്ചുകൊടുത്തതും ഇയാളുടെ പിന്‍സീറ്റ് ഡ്രൈവിങ്ങാണ്.

സി.പി.എമ്മിലെ ഒരു മുന്‍ജനപ്രതിനിധിയാണ് എട്ടപ്പാന്റെ തലതൊട്ടപ്പന്‍. ആദര്‍ശത്തിന്റെ പേരില്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കാനെത്തുന്നവരെ ഇയാള്‍ക്കു താത്പര്യമില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത അനുചരന്‍മാരെ വളര്‍ത്തുകയാണു ലക്ഷ്യം. കേരളത്തിലെ എണ്ണം പറഞ്ഞ ഇടതുനേതാക്കളെ സംഭാവന ചെയ്ത യൂണിവേഴ്സിറ്റി കോളജില്‍നിന്നു കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി പുറത്തുവരുന്നത് ”എട്ടപ്പാന്റെ പിള്ളേരാ”ണ്. എസ്.എഫ്.ഐയുടെ അപചയം തുടങ്ങിയതും അവിടെത്തന്നെ.

എസ്.എഫ്.ഐ. വഞ്ചിയൂര്‍ മുന്‍ ഏരിയാ സെക്രട്ടറി അമല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തല്ലിയൊതുക്കിയതും അഖില്‍ എന്ന വിദ്യാര്‍ഥിക്കു കുത്തേറ്റതും എട്ടപ്പാന്റെ ആധിപത്യം പരസ്യമായി ചോദ്യം ചെയ്തതിന്റെ പേരിലാണ്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബത്തില്‍നിന്നു വന്ന അഖിലിനു പാര്‍ട്ടിയായിരുന്നു എല്ലാം. പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമായ നടപടികള്‍ ചോദ്യംചെയ്തതോടെ അഖില്‍ എട്ടപ്പാന്റെ കണ്ണിലെ കരടായി. അഖില്‍ വധശ്രമക്കേസിലെ പ്രതികളായ ആര്‍. ശിവരഞ്ജിത്തും നസീമും അമര്‍ അബിയുമൊക്കെ ഇയാളുടെ ഏറാന്‍മൂളികളായിരുന്നു. തന്നെ വെല്ലുവിളിച്ച അഖിലിനെ ”തീര്‍ക്കാന്‍” എട്ടപ്പാന്‍ ഇവരെ ഉപയോഗിക്കുകയായിരുന്നെന്നാണു സൂചന.

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ ആര്‍ക്കൊക്കെ ഏതൊക്കെ മുറി കൊടുക്കണമെന്നു തീരുമാനിക്കുന്നതും എട്ടപ്പാനാണ്. ഇയാള്‍ക്കു ”പടി” കൊടുക്കാത്തവര്‍ക്കു ഹോസ്റ്റലിന്റെ പടി ചവിട്ടാനാകില്ല. പണയം വയ്ക്കാനെന്ന പേരില്‍ വിദ്യാര്‍ഥിനികളോടു സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങുന്നതും അവരെ ശാരീരികമായി ഉപദ്രവിക്കുന്നതും ഇയാളുടെ ലീലാവിലാസങ്ങളില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

pathram:
Leave a Comment