നെടുങ്കണ്ടം കസ്റ്റഡിമരണം; ജയില്‍ സൂപ്രണ്ടിന് സ്ഥലമാറ്റം

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിന് സ്ഥലമാറ്റം. അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീരുമേട് സബ്ജയിലിലെ മൂന്നു ജീവനക്കാര്‍ക്കെതിരേയാണ് നടപടി.
ജയില്‍ സൂപ്രണ്ട് അനില്‍കുമാറിനെ സ്ഥലംമാറ്റാനും ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ബാസ്റ്റിന്‍ ബോസ്‌കോയെ സസ്‌പെന്‍ഡ് ചെയ്യാനും ജയില്‍ മേധാവി ഋഷിരാജ് സിങ് ഉത്തരവിട്ടു. ജോലിയില്‍ വീഴ്ചവരുത്തിയ താത്കാലിക ജീവനക്കാരന്‍ സുഭാഷിനെ പിരിച്ചുവിട്ടു.
കൂടുതല്‍ അന്വേഷണത്തിന് ചീമേനി തുറന്ന ജയില്‍ സൂപ്രണ്ട് അജയകുമാറിനെ ചുമതലപ്പെടുത്തി. മാവേലിക്കര സബ്ജയിലില്‍ എം.ജെ. ജേക്കബ് എന്നയാള്‍ മരിച്ച സംഭവത്തില്‍ പ്രിസണ്‍ ഓഫീസര്‍ സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്തു.
നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ഡി.ഐ.ജി. സാം തങ്കയ്യന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിമാന്‍ഡ് പ്രതിയായിരുന്ന രാജ്കുമാര്‍ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ മൂവര്‍ക്കും വീഴ്ചപറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയിലിലെത്തിച്ച രാജ്കുമാറിനെ 36 മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ഇത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജയിലില്‍ എത്തിക്കുന്നവരുടെ സുരക്ഷിതത്വം സൂപ്രണ്ടിന്റെ ചുമതലയാണെന്നിരിക്കെ അതില്‍ വീഴ്ചയുണ്ടായതിനാണു നടപടി.
സസ്‌പെന്‍ഷനിലായ ബാസ്റ്റിന്‍ ബോസ്‌കോയാണ് രാജ്കുമാറിനെ ജയിലില്‍ പ്രവേശിപ്പിച്ചത്. തികച്ചും അവശനായ രാജ്കുമാറിനെ ആശുപത്രിയിലേക്ക് അയക്കാതെ സെല്ലിലേക്കുമാറ്റി. പ്രതി അവശനാണെന്ന കാര്യം ആ സമയത്ത് ജയില്‍ സൂപ്രണ്ടിനു റിപ്പോര്‍ട്ട് ചെയ്തില്ല. ഈ വീഴ്ചകള്‍ കണക്കിലെടുത്താണ് ബാസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തത്.
താത്കാലിക ജീവനക്കാരനായ സുഭാഷിനായിരുന്നു രാജ്കുമാറിനെ പാര്‍പ്പിച്ചിരുന്ന ബ്ലോക്കിന്റെ ചുമതല. പ്രതിയുടെ അവസ്ഥ മോശമാണെന്ന് ഇയാള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. അടുത്തദിവസം രാവിലെ ആശുപത്രിയില്‍ എത്തിച്ചുമില്ല.
മാവേലിക്കര ജയിലില്‍ കുമരകം സ്വദേശിയായ എം.ജെ. ജേക്കബ് മരിച്ച സംഭവത്തിലാണ് സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. ദേഹപരിശോധനാ സമയത്ത് മോശം പെരുമാറ്റമാണ് സുജിത്തില്‍നിന്നുണ്ടായതെന്ന് സംഭവം അന്വേഷിച്ച ജയില്‍ ഐ.ജി. എസ്. സന്തോഷ് റിപ്പോര്‍ട്ട് ചെയ്തു. ജേക്കബിനെ പാര്‍പ്പിച്ചിരുന്ന സെല്ലുള്‍പ്പെടുന്ന ബ്ലോക്കിന്റെ രാത്രിസുരക്ഷാ ചുമതലയുണ്ടായിരുന്ന സുജിത്ത് വേണ്ട ശ്രദ്ധ പുലര്‍ത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇവയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

pathram:
Leave a Comment