കെഎസ്ആര്‍ടിസി ഇന്ന് നിര്‍ത്തിവച്ചത് 600 സര്‍വീസുകള്‍

തിരുവനന്തപുരം: താല്‍ക്കാലിക ഡ്രൈവര്‍മാരുടെ പിരിച്ചുവിടലില്‍ പ്രതിസന്ധിയിലായി കെഎസ്ആര്‍ടിസി. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം 2108 താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ ബസോടിക്കാന്‍ ആളില്ലാത്ത സ്ഥിതിയിലാണ് കെഎസ്ആര്‍ടിസി. അവധിദിനമായ ഇന്ന് 600 സര്‍വ്വീസുകളാണ് സംസ്ഥാനമാകെ മുടങ്ങിയത്.

പ്രവൃത്തിദിനമായ നാളെ പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യക്തമായതോടെ ടേണ്‍ അനുസരിച്ച് നാളെ അവധിയുള്ളവരോട് തിരിച്ച് ജോലിക്ക് എത്തണമെന്നും സര്‍വ്വീസുകള്‍ മുടങ്ങാതെ ക്രമീകരണം നടത്തണമെന്നും മാനേജ്‌മെന്റ് സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതിസന്ധി മറികടക്കാന്‍ എന്തു ചെയ്യുമെന്നതില്‍ സര്‍ക്കാരിനും ആശങ്കയുണ്ട്.

പിരിച്ചുവിട്ടവരെ വീണ്ടും കരാര്‍ അടിസ്ഥാനത്തില്‍ തിരിച്ചുനിയമിക്കുന്നതിന്റെ സാധ്യത ഗതാഗതവകുപ്പ് പരിശോധിക്കുന്നുണ്ട്. അതേ സമയം പിഎസ് സി റാങ്ക് പട്ടികയില്‍ നിന്നും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ഡ്രൈവര്‍മാര്‍ നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിലെ കോടതി നിലപാട് കൂടി അറിഞ്ഞാകും തുടര്‍നീക്കം. പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കൂട്ട പിരിച്ചുവിടലിന് കോടതി നിര്‍ദ്ദേശം.

രാവിലെ പലയിടത്തും ബസ്സോടിക്കാന്‍ ആളില്ലാത്ത സ്ഥിതിയായിരുന്നു. കൊട്ടാരക്കര ഡിപ്പോയില്‍ മാത്രം 40 സര്‍വ്വീസ് മുടങ്ങി. കൊല്ലത്ത് 15, കണിയാപുരത്ത് 13 എന്നിങ്ങനെയാണ് മുടങ്ങിയ സര്‍വീസുകളുടെ എണ്ണം. കൊല്ലം ചാത്തന്നൂര്‍ സബ് ഡിപ്പോയില്‍ പത്ത് സര്‍വ്വീസുകള്‍ മുടങ്ങി. കരുനാഗപ്പള്ളിയില്‍ 71-ല്‍ 7 സര്‍വ്വീസുകള്‍ മുടങ്ങി. ആര്യങ്കാവ് ഡിപ്പോയില്‍ ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ റോസ്മല ട്രിപ്പ് മുടങ്ങി. ചടയമംഗലം സബ് ഡിപ്പോയില്‍ 55 സര്‍വീസുകളുള്ളതില്‍ 18 സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി. കോട്ടയത്ത് 19 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

pathram:
Leave a Comment